ശബരിമല: നടൻ ജയറാമിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച് നടൻ ജയറാമിനെ പൊലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വീട്ടിൽ വച്ചാണ് നടനെ ചോദ്യം ചെയ്തത്.

ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി നല്ല ബന്ധം ഉണ്ടായിരുന്നുവെന്ന് ജയറാം പറഞ്ഞു. ശബരിമലയിൽവെച്ചാണ് ബന്ധം തുടങ്ങിയത്. പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്ന ആളാണെന്ന് തോന്നിയിട്ടില്ലെന്നും തന്നോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണാപഹരണ കേസിൽ മുൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിന് ഇന്നലെ ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ് ഉപാധികളോടെ ജാമ്യം നൽകിയത്.

കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായി 43ാം ദിവസമാണ് ജാമ്യം. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി ശ്രീകുമാർ ദ്വാരപാലക ശിൽപ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ജോലിയിൽ പ്രവേശിച്ചതെന്നും കേസിന് ആസ്പദമായ രേഖയിൽ ഒപ്പുവെച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.

കേസ് അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനു പിന്നാലെ ശബരിമല സ്വർണാപാഹരണ കേസിൽ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ.

അതേസമയം, ശബരിമല കേസിലെ മറ്റൊരു പ്രതി കെ.പി. ശങ്കരദാസിന്റെ റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വീൽചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്. ശബരിമലയിൽ വിവാദ സ്വർണക്കടത്ത് നടന്ന സമയത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.

Tags:    
News Summary - Sabarimala gold theft case: Actor Jayaram questioned by SIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.