അമിതാഭ് ബച്ചൻ അമ്മയോടൊപ്പം
അമിതാഭ് ബച്ചൻ പലപ്പോഴു ബ്ലോഗിലൂടെ തന്‍റെ വ്യക്തിപരമായ കാര്യങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പുതിയ പോസ്റ്റിൽ, തന്നെ വിട്ടുപ്പോയ അമ്മ തേജി ബച്ചന്റെ ഓർമ്മകൾ അദ്ദേഹം കുറിച്ചു. അമ്മയുടെ വാക്കുകൾ ജീവിതത്തിലെ തന്‍റെ പല ആശങ്കകളും മറികടക്കാൻ സഹായിച്ചിരുന്നുവെന്ന് അദ്ദേഹം ബ്ലോഗിൽ പറയുന്നു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ആളുകൾ പലപ്പോഴും സമ്മർദ്ദത്തിലാകാറുണ്ടെങ്കിലും, അവയിൽ പലതും എത്ര എളുപ്പത്തിൽ പരിഹരിക്കാനാകുമായിരുന്നുവെന്ന് പിന്നീടവർ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ദൈനംദിന ജീവിതത്തിലെ ചെറിയ ചില മാറ്റങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായ ആശ്വാസം നൽകുന്നതെങ്ങനെയെന്ന് അദ്ദേഹം പറയുന്നു. 'ചിലപ്പോൾ നിങ്ങളെ അലട്ടുന്ന കാര്യങ്ങളിൽ വരുന്ന ചെറിയ ഒരു മാറ്റം പോലും ജീവിതത്തെ വളരെ എളുപ്പമാക്കുന്നു. തീർച്ചയായും മാറ്റം അനിവാര്യമാണ്. ഒരു ചെറിയ പ്രശ്നം ഏറ്റവും ലളിതമായി പരിഹരിക്കുന്നതിന് പകരം അതിൽ ഇത്രയധികം സമയവും ഊർജ്ജവും സമ്മർദ്ദവും ചെലുത്തുന്നത് ശരിക്കും അനിവാര്യമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഈ ഒരു ചിന്ത വീട്ടിൽ എപ്പോഴും പ്രാവർത്തികമായിട്ടുണ്ട്' അദ്ദേഹം കുറിച്ചു.
തുടർന്ന് അദ്ദേഹം തന്റെ അമ്മയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകളിലേക്ക് കടന്നു. പ്രയാസകരമായ നിമിഷങ്ങളിൽ അമ്മ തന്നെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. 'അമ്മയുടെ ആ കരുതലും ലാളനയും... അവരുടെ വാക്കുകൾ നൽകുന്ന വിശ്വാസം... ദുപ്പട്ടയിലുണ്ടാകാറുള്ള ആ ഉരുണ്ട പന്തുകൾ, അമ്മയുടെ ശ്വാസത്തിന്‍റെ ചൂട് എന്‍റെ കണ്ണുകളിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം... അമ്മയുടെ വാക്കുകളും....' അമിതാഭ് എഴുതി.
തന്‍റെ അമ്മയുടെ ഓർമ്മകൾ ഇന്നും തന്നോടൊപ്പം എങ്ങനെ ജീവിക്കുന്നുവെന്ന് അദ്ദേഹം ഈ കുറിപ്പിൽ പറഞ്ഞു. 'അമ്മ ഇപ്പോൾ നമ്മോടൊപ്പമില്ല, പക്ഷേ അമ്മയോടൊപ്പമുള്ള ആ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ആ കരുതലും ആത്മവിശ്വാസവും ഉറപ്പും വീണ്ടും വരുന്നു... നമ്മെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന അമ്മക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... സുഖമായിരിക്കട്ടെ, എന്നേക്കും ആ ബന്ധം നിലനിൽക്കട്ടെ' നടൻ കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ബച്ചൻ തന്റെ അമ്മയുടെ ഓർമ്മകൾ കുറിക്കുന്നത്. 2018 ലെ ഒരു പോസ്റ്റിൽ അമ്മയുടെ ത്യാഗങ്ങളെക്കുറിച്ചും അവർ തന്റെ പിതാവിനെ പിന്തുണച്ച രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ചെറുപ്പം മുതലേ അമ്മ തന്റെ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചതും സംഗീതം, നാടകം, നൃത്തം എന്നിവ അനുഭവിച്ചറിയാൻ സഹായിച്ചതും എങ്ങനെയെന്നും അദ്ദേഹം ഓർമ്മിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.