വിസ്മയ മോഹൻലാൽ
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ അറ്റാക്ക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിദ്യാർഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വിസ്മയ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമായും ഫെയ്‌സ്ബുക്കിലൂടെ അസഭ്യവർഷവും വിദ്വേഷ കമന്റുകളും ഉയർന്നുവന്നത്.
‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’ എന്നാണ് വിസ്മയ കുറിച്ചത്. വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലും വിവിധ പോസ്റ്റുകൾക്ക് താഴെയുമായി സംഘടിതമായ രീതിയിലാണ് അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.
പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം! സിനിമക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?, പഹൽഗാമിൽ മതം ചോദിച്ച് പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരിക്കാൻ കഴിവ് കിട്ടിയതിൽ സന്തോഷം, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, ഇനി ഞാനും എൻ്റെ കുടുംബവും തിയേറ്ററിലേക്ക് ഇല്ല... എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. എന്നാൽ ഫെയ്‌സ്ബുക്കിന് വിപരീതമായി ഇൻസ്റ്റഗ്രാമിൽ വിസ്മയക്ക് നേരെ ഇത്തരം മോശം പ്രതികരണങ്ങൾ കുറവാണെന്നതും ശ്രദ്ധേയമാണ്.
വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച മറ്റ് പ്രമുഖ സിനിമാ പ്രവർത്തകർക്കെതിരെയും സമാനമായ രീതിയിൽ സംഘടിത സൈബർ ആക്രമണം നടക്കുന്നുണ്ട്. നടൻമാരായ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, നടി റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും പ്രക്ഷോഭത്തിൽ വിദ്യാർഥികളുടെ ഭാഗത്തുനിന്ന് സംസാരിച്ചിരുന്നു. ഇവർക്ക് നേരെയും വ്യക്തിപരമായ അധിക്ഷേപങ്ങളും സിനിമകൾ ബഹിഷ്കരിക്കുമെന്നുള്ള ഭീഷണികളും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20ന് സംഘടിപ്പിച്ച 'ചലോ സൻസദ്' പാർലമെന്റ് മാർച്ച് രാജ്യത്ത് പുതിയ രാഷ്ട്രീയ പോരിനാണ് വഴിവെച്ചിരിക്കുന്നത്. നീറ്റ് പരീക്ഷ തട്ടിപ്പുകൾക്കെതിരെ ജന്തർ മന്തറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളുമാണ് അണിനിരന്നത്. എന്നാൽ മധ്യ ഡൽഹിയിൽ വെച്ച് കടുത്ത ബാരിക്കേഡുകൾ ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ പ്രക്ഷോഭകർ ശ്രമിച്ചതോടെ പൊലീസ് കടുത്ത ബലപ്രയോഗത്തിലേക്ക് കടക്കുകയായിരുന്നു. തുടർച്ചയായി കണ്ണീർവാതകവും ക്രൂരമായ ലാത്തിച്ചാർജും പ്രയോഗിച്ചതോടെ പ്രക്ഷോഭ സ്ഥലം യുദ്ധക്കളമായി മാറി. തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ് രക്തമൊഴുകുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ പുറത്തുവന്നത് വൻ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.