ശ്വേത മേനോൻ, മാലാ പാർവതി

‘ആരാണ് ആ കുറ്റാരോപിതർ? ശ്വേത മേനോൻ പേരുകൾ വെളിപ്പെടുത്തണം’ -മാലാ പാർവതി

താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളിൽ ശ്വേത മേനോന്റെ വാദങ്ങളെ ചോദ്യം ചെയ്ത് നടി മാലാ പാർവതി രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കുറ്റാരോപിതർ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത് തടയാൻ താൻ പോരാടുകയാണെന്ന് ശ്വേത മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് ശ്വേത ഉദ്ദേശിച്ച "കുറ്റാരോപിതർ" ആരൊക്കെയാണെന്ന് പരസ്യമായി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മാലാ പാർവതി പോസ്റ്റിട്ടത്. 

ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതരായ ചിലർ സംഘടനയിലുള്ളവരെ മുന്നിൽ നിർത്തി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമിക്കുന്നുണ്ടെന്നായിരുന്നു ശ്വേത മേനോന്റെ പ്രധാന ആരോപണം. എന്നാൽ, ഈ അവകാശവാദത്തിൽ വ്യക്തത കുറവുണ്ടെന്നും അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ആരോപണവിധേയരുടെ പേരുകൾ വെളിപ്പെടുത്താൻ ശ്വേതക്ക് ഉത്തരവാദിത്വമുണ്ടെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടുന്നു.

‘ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും— എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്. അമ്മയുടെ പ്രസിഡന്റായ ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ 'കുറ്റാരോപിതർ' ആരൊക്കെയാണ്?

എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല.

അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്? അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തിൽ, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അമ്മയുടെ പ്രസിഡന്റിനുണ്ട്. പേരുകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂ മാലാപാർവതി കുറിച്ചു.

താരസംഘടനക്കുള്ളിൽ അധികാരതർക്കങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും വരും ദിവസങ്ങളിലും കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് മാലാ പാർവതിയുടെ ഈ തുറന്ന ചോദ്യം നൽകുന്നത്.

Tags:    
News Summary - Mala Parvathi Demands Shwetha Menon Reveal Names of Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.