വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത് ഹനുമാൻകൈൻഡ്; ജനക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾക്ക് ന്യായീകരണങ്ങളില്ലെന്ന് താരം

ന്യൂഡൽഹി: ആഗോള തലത്തിൽ ശ്രദ്ധേയനായ റാപ്പർ ഹനുമാൻകൈൻഡ് ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ ചലോ സൻസദ് മാർച്ചിൽ പങ്കെടുത്തു. പ്രക്ഷോഭകർക്കൊപ്പം റോഡിലിറങ്ങിയാണ് താരം തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ നടപടികളെ അപലപിച്ച് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇന്ന് അവിടെയെത്തിയ ജനക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമം യാതൊരു കാരണവശാലും ന്യായീകരിക്കാനാകില്ല. നമ്മൾ മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നു എന്ന് വിശ്വസിക്കുന്നത് കുറ്റമല്ല എന്നാണ് ഹനുമാൻകൈൻഡ് കുറിച്ചത്.

പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്. വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത ഹനുമാൻകൈൻഡിന്‍റെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഞാൻ തികച്ചും വ്യത്യസ്തമായ രണ്ട് പ്രകടനങ്ങളാണ് കണ്ടത്, ഒന്ന് ജനങ്ങൾ സൃഷ്ടിച്ചത്, മറ്റൊന്ന് ഭരണകൂടത്തിന്റെ പ്രതികരണം സൃഷ്ടിച്ചത് എന്ന കുറിപ്പോടെ താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രതിഷേധത്തിന്‍റെ നിരവധി വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് നടന്ന പ്രതിഷേധത്തിലെ നിമിഷങ്ങളും താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Hanuman Kind joins student protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.