ശബാന ആസ്മി
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രക്ഷോഭത്തിനിടെ മുതിർന്ന ബോളിവുഡ് നടി ശബാന ആസ്മിക്ക് കടുത്ത ശ്വാസംമുട്ടൽ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച നടന്ന ‘സൻസദ് ചലോ’ മാർച്ചിനിടെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതകം ശ്വസിച്ചതാണ് നടിക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചത്. എന്നാൽ അടിയന്തര വൈദ്യസഹായം തേടിയ ശേഷം പ്രക്ഷോഭ വേദിയിലേക്ക് തന്നെ തിരിച്ചെത്തി അവർ വിദ്യാർഥികൾക്ക് പിന്തുണ തുടരുകയായിരുന്നു.
ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ശബാന ആസ്മിക്ക് തലകറക്കവും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. ‘എനിക്ക് ആസ്ത്മയുടെ പ്രയാസങ്ങളുണ്ട്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ എനിക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഭാഗ്യവശാൽ ഇൻഹേലർ കൈവശമുണ്ടായിരുന്നതിനാൽ പെട്ടെന്ന് ആശ്വാസം ലഭിച്ചു. സമീപത്തെ കെട്ടിടത്തിലേക്ക് മാറി വിശ്രമിച്ച ശേഷം, ശ്വാസോച്ഛ്വാസം സാധാരണ നിലയിലായ ഉടൻ ഞാൻ വീണ്ടും പ്രക്ഷോഭ സ്ഥലത്തേക്ക് മടങ്ങിയെത്തി. ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളോട് സംസാരിച്ചു. അവരുടെ അചഞ്ചലമായ മനോവീര്യം അത്ഭുതപ്പെടുത്തുന്നതാണ്. അവർക്ക് എന്റെ ഹൃദയം നിറഞ്ഞ സലാം’ എന്നാണ് ശബാന ആസ്മി
പരിക്കേറ്റ വിദ്യാർഥികളെ നേരിട്ടുകണ്ട അവർ, പ്രക്ഷോഭകരുടെ ആത്മവീര്യത്തെ പ്രശംസിക്കുകയും ചെയ്തു. ടാക്സിയിലും ട്രക്കിലുമൊക്കെയായി സഞ്ചരിച്ച് ബാരിക്കേഡുകൾ വരെ കടന്ന് വിദ്യാർഥികൾക്കൊപ്പം മാർച്ച് ചെയ്യുന്ന ശബാന ആസ്മിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
‘ഞാൻ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിട്ടില്ല, ഇനി ആകുകയുമില്ല. പാർട്ടിയുടെ സത്യം നിങ്ങളുടെ സത്യമായി മാറ്റാൻ അത് നമ്മെ നിർബന്ധിതരാക്കും. കഴിഞ്ഞ 20 ദിവസത്തിലധികമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന, ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. അവർ ഉന്നയിക്കുന്നത് നിഗൂഢമോ അനീതിയോ ആയ ആവശ്യങ്ങളല്ല. രാജ്യത്തിന്റെ ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കണമെന്നും, തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. അവരെ അടിച്ചമർത്താൻ ശ്രമിക്കാതെ, അവരുടെ ശബ്ദം കേൾക്കുക, അവർക്ക് പ്രതീക്ഷ നൽകുക’ ശബാന ആസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.