മഞ്ജു പിള്ളയും ദയയും
നടി മഞ്ജു പിള്ളയുടെയും സിനിമാറ്റോഗ്രാഫർ സുജിത്ത് വാസുദേവിന്റെയും മകൾ ദയ വാസുദേവിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും സൈബർ ആക്രമനങ്ങൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മഞ്ജു പിള്ളയും ദയയും. ഷെഫീന ബീവി എന്ന വ്ലോഗർ ദയയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനു പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് അമ്മയും മകളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇത്തരം അനാവശ്യ കാര്യങ്ങൾക്ക് മറുപടി നൽകാൻ പോലും സമയമില്ലെന്ന് വ്യക്തമാക്കിയ മഞ്ജു പിള്ള, ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയക്കാതെ സ്വന്തം ജീവിതം നയിക്കാൻ ഏവർക്കും അവകാശമുണ്ടെന്ന് ഓർമിപ്പിച്ചു. ‘ചെയ്യാനേറെ ജോലികളുണ്ട്, അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും താത്പര്യമില്ല. കുട്ടികളാണെങ്കിലും ആരാണെങ്കിലും സ്വന്തം കഴിവിലും ആത്മവിശ്വാസത്തിലും ഉറച്ചുനിന്ന് തങ്ങളുടെ പാഷൻ ഫോളോ ചെയ്യുക. ഒരു ജീവിതമേയുള്ളൂ, മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെയും ആരെയും ഉപദ്രവിക്കാതെയും സന്തോഷത്തോടെ ജീവിക്കുക. മാതാപിതാക്കൾ തങ്ങളുടെ മക്കളെ ചേർത്തുപിടിച്ച് പിന്തുണക്കണം’ മഞ്ജു പിള്ള പറഞ്ഞു.
ഇത്തരം സൈബർ ആക്രമണങ്ങൾ തങ്ങളെ മാനസികമായി തളർത്തില്ലെന്ന് പറഞ്ഞ മഞ്ജു, എന്നാൽ സ്വന്തം മകളെപ്പറ്റി മോശമായി സംസാരിച്ചപ്പോൾ ഒരമ്മ എന്ന നിലയിൽ കടുത്ത വേദന തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കൂടാതെ, ഈ വിഷയത്തിൽ തന്റെ പഴയ വിഡിയോകൾ വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെയും അവർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ പങ്കുവെച്ച വിഡിയോയിൽ അല്ലാതെ മറ്റെവിടെയും താൻ പ്രതികരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
തനിക്ക് ലഭിച്ച പിന്തുണകൾക്കും സന്ദേശങ്ങൾക്കും നന്ദി പറഞ്ഞ ദയ, സംസ്കാരസമ്പന്നമായ രീതിയിൽ മാന്യമായി വിമർശനം അറിയിച്ച ഒരു അമ്മയുടെ സന്ദേശത്തെ എടുത്തുപറഞ്ഞു. രണ്ട് ടീനേജ് പെൺകുട്ടികളുടെ അമ്മയായ ആ വ്യക്തി അയച്ച മെസേജിൽ, ഫോട്ടോഷൂട്ടിലെ വസ്ത്രധാരണം വ്യക്തിപരമായി ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴും, ഒരു മകളെയെന്നപോലെ അനുഗ്രഹിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാന്യമായി പങ്കുവെക്കുന്നതിനോട് വിയോജിപ്പില്ലെന്നും, താൻ ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് മറ്റാർക്കും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെങ്കിൽ ആരുടെയും വിമർശനം ഭയന്ന് അതിൽനിന്ന് പിന്മാറേണ്ടതില്ലെന്നുമാണ് ദയ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.