ദിൽജിത് ദോസാഞ്ച്

‘വീണ്ടും രാജ്യദ്രോഹിയെന്ന് വിളിക്കപ്പെട്ടേക്കാം, പക്ഷേ വിദ്യാർഥികളുടെ ശബ്ദം കേൾക്കണം’: സി.ജെ.പി സമരത്തിന് പിന്തുണയുമായി ദിൽജിത് ദോസാഞ്ച്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ നടക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായിപഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസാഞ്ച്. ജൂലൈ 20ന് പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ ‘സൻസദ് ചലോ’ മാർച്ചിന് നേരെ ഉണ്ടായ പൊലീസിന്റെ ക്രൂരമായ ബലപ്രയോഗത്തെ അപലപിച്ച ദിൽജിത്, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് അഭ്യർത്ഥിച്ചു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ദിൽജിത് തന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാർഥി സമരത്തെ പിന്തുണക്കുന്നതിലൂടെ താൻ വീണ്ടും രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെട്ടേക്കാമെന്ന് അദ്ദേഹം തുറന്നടിച്ചു. ‘സംഭവിച്ചത് വളരെ വിഷമകരമായ കാര്യമാണ്. വിദ്യാർഥികളോട് ഈ രീതിയിൽ പെരുമാറാൻ പാടില്ലായിരുന്നു. അധികാരികൾ വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ ശബ്ദമാണ് ദൈവത്തിന്റെ ശബ്ദം’ ദിൽജിത് പറഞ്ഞു. 

കർഷക സമരകാലത്ത് ലഭിച്ച കടുത്ത വിമർശനങ്ങളെയും നിയമപരമായ പ്രയാസങ്ങളെയും കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം തുടന്നു. ‘എനിക്ക് മേൽ ഇതിനകം തന്നെ പലതവണ 'രാജ്യദ്രോഹി' എന്ന ലേബൽ പതിച്ചുകഴിഞ്ഞു. ഇപ്പോഴും എന്നെ അങ്ങനെ തന്നെ വിളിക്കുമായിരിക്കും. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം എനിക്ക് സംസാരിക്കാൻ പോലും കഴിയാത്തത്ര വലിയ എതിർപ്പുകളും നിയമപ്രശ്നങ്ങളുമാണ് നേരിടേണ്ടി വന്നത്. ബാക്കിയെല്ലാം ദൈവം കാണുന്നുണ്ട്. ബാബ എല്ലാവരെയും അനുഗ്രഹിക്കട്ടെ’ ദിൽജിത് പറഞ്ഞു.

കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20ന് സംഘടിപ്പിച്ച 'ചലോ സൻസദ്' (പാർലമെന്റിലേക്ക് മാർച്ച്) പ്രക്ഷോഭമാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും നടത്തിയ മാർച്ച് മധ്യ ഡൽഹിയിൽ വെച്ച് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകവും കടുത്ത ലാത്തിച്ചാർജും പ്രയോഗിച്ചു. തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ് രക്തമൊഴുകുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിയെ അപലപിച്ചുകൊണ്ട് ദിൽജിതിന് പുറമെ ബോളിവുഡിൽ നിന്നും കലാസാംസ്കാരിക രംഗത്തുനിന്നും നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. ശബാന ആസ്മി, സീനത്ത് അമൻ, നസീറുദ്ദീൻ ഷാ, അഭയ് ഡിയോൾ, സോനാക്ഷി സിൻഹ, ഹുമ ഖുറേഷി, ഭൂമി പഡ്നേക്കർ, ദിയ മിർസ, അനുരാഗ് കശ്യപ്, വീർ ദാസ്, റിതേഷ് ദേശ്മുഖ്, ജനീലിയ തുടങ്ങിയവർ വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പ്രക്ഷോഭ രീതിക്കെതിരെ ഭരണകക്ഷി എം.പിമാരായ കങ്കണ റണൗട്ടും ഹേമ മാലിനിയും വിമർശനമുന്നയിച്ചു. സർക്കാരിനെ സമ്മർദത്തിലാക്കി തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിയില്ലെന്ന് കങ്കണ പറഞ്ഞു. ‘നിങ്ങൾക്ക് അത്രയും ശക്തമായ നിലപാടുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് വേണ്ടതെന്ന് കങ്കണ കൂട്ടിച്ചേർത്തു. ‘സമരം നടത്തിയത് കൊണ്ട് കാര്യമില്ല. സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. കേന്ദ്ര സർക്കാർ എന്നും വിദ്യാർഥികൾക്കൊപ്പമുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. 

Tags:    
News Summary - Diljit Dosanjh Backs CJP Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.