നസീറുദ്ദീൻ ഷാ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ കടുത്ത പ്രതിഷേധവുമായി മുതിർന്ന ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. വിദ്യാർഥികൾക്ക് നേരെയുള്ള ഭരണകൂടത്തിന്റെ ക്രൂരത കണ്ടിട്ട് തന്റെ രക്തം തിളക്കുകയാണെന്നും ഭരണാധികാരികൾക്ക് എതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണെന്നും നടൻ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് നസീറുദ്ദീൻ ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.
വിഡിയോയിൽ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് നടൻ വിമർശിച്ചത്. ‘രണ്ട് കാര്യങ്ങളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഒന്നാമതായി, ഒരു അവിവേകിയായ വ്യക്തിയാണ് ഈ രാജ്യം ഭരിക്കുന്നതെങ്കിൽ, രാജ്യം മുഴുവൻ തന്നപ്പോലെ അറിവില്ലാത്തവരും ക്രൂരന്മാരുമായി മാറണമെന്ന് അവന്റെ ഹൃദയം ആഗ്രഹിക്കും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (NSD), പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (FTII) എന്നിവിടങ്ങളിൽ നിന്ന് ഞാൻ അഭിനയം പഠിച്ചിട്ടുണ്ടെങ്കിലും, എന്റെ വിദ്യാർഥികളിൽ നിന്നാണ് ഞാൻ അഭിനയത്തിന്റെ വലിയ പാഠങ്ങൾ പഠിച്ചിട്ടുള്ളത്. എന്റെ പൂർണ്ണ സഹതാപവും പിന്തുണയും പ്രക്ഷോഭം നടത്തുന്ന ആ കുട്ടികൾക്കൊപ്പമാണ്’ നസീറുദ്ദീൻ ഷാ പറഞ്ഞു.
‘കയ്യിൽ വടിയും പിടിച്ച് മുഖംമൂടി ധരിച്ച് നമ്മുടെ കുട്ടികളോട് ക്രൂരത കാണിക്കുന്ന ഈ ഗുണ്ടകളെ കാണുമ്പോൾ എനിക്ക് അമേരിക്കയിലെ ഐ.സി.ഇ ഏജന്റുമാരെയാണ് ഓർമ വരുന്നത്. സ്വന്തം മക്കളെക്കുറിച്ചെങ്കിലും നിങ്ങൾ ചിന്തിക്കുക. നിങ്ങൾ ചെയ്യുന്ന ഈ പ്രവൃത്തികൾക്കുള്ള ശിക്ഷ ഒരുനാൾ നിങ്ങൾക്കും തിരികെ ലഭിക്കുമെന്ന് ഓർക്കുക. വിദ്യാർഥികളോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പ്രതീക്ഷ കൈവിടരുത്. കോടിക്കണക്കിന് ആളുകളുടെ പിന്തുണ നിങ്ങൾക്കുണ്ട്. പോരാട്ടം തുടരുക. ഈ രാജ്യത്തെ സർക്കാരിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എല്ലാം രാജ്യം ഓർത്തു വെക്കും നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 21 ദിവസത്തെ നിരാഹാരത്തിന് ശേഷം ജൂലൈ 18ന് പുലർച്ചെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ജൂലൈ 20ന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച 'സൻസദ് ചലോ' മാർച്ചിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരെ പൊലീസ് കടുത്ത ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് നസീറുദ്ദീൻ ഷാ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതികരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.