കുട്ടിക്കാലത്ത് ആശയവിനിമയ പ്രശ്‌നങ്ങൾ, കുടുംബത്തിന്‍റെ എതിർപ്പ്; ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി

ഇന്ത്യൻ സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ് ഇപ്പോൾ രശ്മിക മന്ദാന. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പല ഹിറ്റ് ചിത്രങ്ങളിലും രശ്മിക അഭിനയിച്ചു. 1996 ഏപ്രിലിൽ കർണാടകയിലെ ഒരു കൊടവ് കുടുംബത്തിലാണ് രശ്മിക ജനിച്ചത്.

കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെക്കുറിച്ച് നടി മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. വാടക നൽകാൻ മാതാപിതാക്കൾ ബുദ്ധിമുട്ടിയിരുന്നതായും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർക്ക് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്നും ഒരിക്കൽ നടി വെളിപ്പെടുത്തിയിരുന്നു. തന്റെ മാതാപിതാക്കളോട് ഒരു കളിപ്പാട്ടം വാങ്ങിത്തരാൻ ആവശ്യപ്പെടാൻ കഴിയാത്ത സാമ്പത്തിക പ്രശ്നമായിരുന്നെന്നും അവർ പറഞ്ഞിരുന്നു.

മാത്രമല്ല, സ്കൂൾ പഠനകാലത്ത് രശ്മികക്ക് ആശയവിനിമയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് സമപ്രായക്കാരുമായി ഇടപഴകുന്നത് ബുദ്ധിമുട്ടാക്കി. ഇത്തരം അനുഭവങ്ങൾ ഭാവിയെ രൂപപ്പെടുത്താൻ അവരെ സഹായിച്ചു. ബിരുദ പഠനകാലത്ത്, രശ്മിക മന്ദാന പങ്കെടുത്ത സൗന്ദര്യമത്സരത്തിന്റെ ഭാഗമായി ക്ലീൻ & കെയർ ഫ്രഷ് ഫേസ് അവാർഡ് നേടിയിരുന്നു. അക്ഷയ് കുമാറാണ് അവാർഡ് സമ്മാനിച്ചത്.

2015ൽ ഋഷഭ് ഷെട്ടി കിറിക് പാർട്ടി എന്ന സിനിമ വാഗ്ദാനം ചെയ്തു. രശ്മിക ആദ്യം അത് ചെയ്യാൻ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങനെയാണ് രശ്മിക സിനിമയിൽ എത്തുന്നത്. ആ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രങ്ങളിൽ ഒന്നായി മാറി. ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ആദ്യത്തെ സൈമ അവാർഡ് രശ്മികക്ക് ലഭിച്ചു.

ക്രമേണ, ഒന്നിനുപുറകെ ഒന്നായി ഓഫറുകൾ ലഭിക്കാൻ തുടങ്ങി. 2018ൽ, വിജയ് ദേവരകൊണ്ടക്കൊപ്പം അഭിനയിച്ച ഗീത ഗോവിന്ദം എന്ന ചിത്രം വൻ വിജയമായിരുന്നു. വിജയ് ദേവരകൊണ്ടക്കൊപ്പം തന്നെ ഡിയർ കോമ്രേഡ്, മഹേഷ് ബാബുവിനൊപ്പം സരിലേരു നീക്കേവരു, നിതിനൊപ്പമുള്ള ഭീഷ്മ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് സിനിമകൾ ഇതിന് ശേഷം വന്നു.

തന്റെ ആദ്യ ചിത്രം വിജയിച്ചില്ലെങ്കിൽ, സ്വന്തം നാട്ടിലേക്ക് മടങ്ങാനും പിതാവിന്റെ ബിസിനസ് ഏറ്റെടുക്കാനും പദ്ധതിയുണ്ടായിരുന്നു എന്ന് രശ്മിക ഒരിക്കൽ പറഞ്ഞിരുന്നു. താരം സിനിമയിൽ അഭിനയിക്കുന്നതിൽ മാതാപിതാക്കൾക്ക് പൂർണമായും യോജിപ്പുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

2021ൽ അല്ലു അർജുന്റെ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലൂടെ രശ്മികയുടെ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടായി. അതേ വർഷം തന്നെ ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ എന്നിവർക്കൊപ്പം അഭിനയിച്ച സീതാരാമവും ശ്രദ്ധനേടി. 2022ൽ അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

2023ൽ, രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലെ നായികയായി സന്ദീപ് റെഡ്ഡി വംഗ രശ്മികയെ തെരഞ്ഞെടുത്തു. പല വിവാദങ്ങൾ ഉണ്ടായിട്ടും, ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. 2023ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമായി മാറി.

Tags:    
News Summary - Meet actor who faced communication issues as child, family opposition to acting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.