തൃശൂർ: സിനിമ സെറ്റിൽനിന്നാണ് ഇത്തവണ ചാക്യാർകൂത്ത് വേദിയിലേക്ക് ബാലതാരം വസിഷ്ഠ് ഉമേഷ് എത്തിയത്. ചാക്യാർ വേഷത്തിൽ വസിഷ്ഠനെ ആദ്യമാർക്കും പിടികിട്ടിയില്ല. പാഞ്ചാലി സ്വയംവരം കഥ മനോഹരമായി അവതരിപ്പിച്ച കുട്ടി ചാക്യാരെ അഭിനന്ദിക്കാൻ കാഴ്ചക്കാരിൽ പലരുമെത്തിയപ്പോഴാണ് 'മിന്നൽ മുരളി'യിലെ ജോസ് മോനായി വേഷമിട്ട ബാലതാരമാണിതെന്ന് പലരും തിരിച്ചറിയുന്നത്.
അർജുൻ ദാസ് നായകനായി ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന തമിഴ് ചിത്രം 'സൂപ്പർ ഹീറോ'യുടെ സെറ്റിൽ നിന്നാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ വസിഷ്ഠ് എത്തിയത്. സിനിമയിൽ മുഴുനീള കഥാപാത്രമാണ് വസിഷ്ഠന്റേത്. വെള്ളിയാഴ്ച തിരികെ ചെന്നൈയിലേക്ക് മടങ്ങും.
പാലക്കാട് വാണിയംകുളം ടി.ആര്.കെ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ വസിഷ്ഠ് സ്കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ചാണ് ആദ്യമായി ചാക്യാർ വേഷമണിയുന്നത്. ആ വേഷത്തോട് തോന്നിയ അടുപ്പം പിന്നീട് ചാക്യാര്‍കൂത്ത് അഭ്യസിക്കുന്നതിലേക്ക് മാറുകയായിരുന്നു. മൂന്ന് വര്‍ഷമായി പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലാണ് പരിശീലനം. കഴിഞ്ഞവർഷവും സംസ്ഥാന കലോത്സവത്തിൽ ചാക്യാർകൂത്തിന് എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. അധ്യാപകരായ ഉമേഷും ജ്യോതിയുമാണ് വസിഷ്ഠിന്റെ മാതാപിതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.