ഡ്രൈവറിന്റെയോ വേലക്കാരന്റെയോ വേഷം കിട്ടുമല്ലോ, അവരും നന്നായിട്ട് അഭിനയിക്കണമല്ലോ.. ‘സന്മനസ്സുള്ള ശ്രീനി’യിൽ രസമുള്ള ഓർമകൾ പങ്കിട്ട്‌ സുഹൃത്തുക്കൾ

തിരുവനന്തപുരം: മലയാള സിനിമയിൽ, മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന ശ്രീനിവാസന്റെ ബഹുതലത്തിലുള്ള സർഗാത്‌മകതയും വ്യക്‌തിജീവിതവും ഓർത്തെടുത്ത്‌ സുഹൃത്തുക്കൾ. നാലാം നിയമസഭ പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സന്മനസുള്ള ശ്രീനി’ എന്ന സെഷനാണ്‌ അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനുള്ള അനുസ്‌മരണ വേദിയായി മാറിയത്‌.

സമൂഹത്തിലെ ശരികേടുകളെ കാണിക്കുന്ന സിനിമയാണ് ശ്രീനിവാസന്റേതെന്ന്‌ മന്ത്രി കെ.ബി ഗണേഷ്‌ കുമാർ പറഞ്ഞു. വ്യക്തി ജീവിതത്തിലും എഴുത്തുകാരനെന്ന നിലയിലും നടനെന്ന നിലയിലും വ്യത്യസ്തനാണ് ശ്രീനിവാസൻ. ദീർഘവീക്ഷണമുള്ള ശ്രീനിവാസൻ എന്ന എഴുത്തുകാരന്റെ സിനിമയിൽ രാഷ്ട്രീയവും സാമൂഹ്യ പ്രതിബദ്ധതയുമുണ്ട്‌.

മനുഷ്യന്റെയുള്ളിലെ അപകർഷതാബോധത്തെ തന്റെ സിനിമയിലൂടെ ശ്രീനിവാസൻ കാണിച്ചു, പലപ്പോഴും സ്വയം പരിഹാസ്യനാകുന്ന വില്ലൻ കഥാപാത്രങ്ങളെ എഴുതി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയം കുടുംബ കഥകളിലൂടെയും വീട്ടിലെ രംഗങ്ങളിലൂടെയുമാണ് പ്രേക്ഷകരിലേക്കെത്തിയതെന്നും കെ.ബി ഗണേഷ്‌ കുമാർ പറഞ്ഞു.

അന്നത്തെ നായക സങ്കൽപങ്ങൾക്ക് ഒട്ടും ചേരാത്ത മുഖവുമായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ശ്രീനിവാസനാണ് സംവിധായകൻ പ്രിയദർശന്റെ ഓർമയിൽ. അവിടുത്തെ ജൂറിയുടെ ‘അഭിനയം പഠിക്കാൻ തന്നെയാണോ വന്നത്, തെറ്റിപോയിട്ടില്ലല്ലോ?’എന്ന ചോദ്യത്തിന് നായക വേഷവും സഹനടന്റെ വേഷം കിട്ടില്ലെങ്കിലും ഒരു ഡ്രൈവറിന്റെയോ വേലക്കാരന്റെയോ വേഷം കിട്ടുമല്ലോ?, അവരും നന്നായിട്ട് അഭിനയിക്കണമല്ലോ, അതിന് അഭിനയം പഠിക്കണ്ടേ എന്ന ശ്രീനിവാസന്റെ മറു ചോദ്യത്തിന് മുന്നിൽ ജൂറി ചിരിച്ചുപോയി- പ്രിയൻ പറഞ്ഞു.

സിനിമാ സങ്കൽപ്പങ്ങൾക്ക് ചേരാത്ത മുഖവും രൂപവും വെച്ചുതന്നെ തന്നോടുതന്നെയുള്ള വിശ്വാസം കൊണ്ട് ശ്രീനി സിനിമയിൽ എത്രയോ മനോഹരമായ വേഷങ്ങൾ ചെയ്തു. ആ വിശ്വാസം ശ്രീനിക്ക് മരണം വരെയുണ്ടായിരുന്നു. എല്ലാം പരിഹാസം ചേർത്ത് നർമത്തിലൂടെ പറയുന്നതാണ് ശ്രീനിയുടെ സ്വഭാവം. സഞ്ജയനും കുഞ്ഞൻ നമ്പ്യാരും വീണ്ടും ജനിച്ചതാണ് ശ്രീനിവാസനെന്നും പ്രിയദർശൻ പറഞ്ഞു.

‘ഞാൻ ആദ്യമായി ശ്രീനിവാസനെ കാണുന്നത് ചെന്നൈയിൽ വച്ചാണ്, അന്ന് മലയാളം പത്രം വായിക്കാൻ ശ്രീനിവാസൻ എന്നും അവിടെയുള്ള കടയിൽ വരും. നമ്മളൊക്കെ പത്രങ്ങളിൽ സിനിമാ പരസ്യമാണ് നോക്കുന്നത്. എന്നാൽ ശ്രീനി മലയാള പത്രങ്ങളെല്ലാം മൊത്തം അരിച്ചുപെറുക്കി വായിക്കും. വായിക്കുന്നതിലൂടെ താൻ വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് ശ്രീനി പറയുക’- സംവിധായകൻ കമൽ അനുസ്‌മരിച്ചു.

ജീവിതത്തെയും ഈ ലോകത്തെയും മനുഷ്യരെയും മനുഷ്യാവസ്ഥകളെയും മറ്റൊരു തരത്തിൽ വീക്ഷിക്കുന്ന ഒരു മഹാപ്രതിഭയാണ് ശ്രീനിവാസനെന്ന് പ്രേംകുമാർ പറഞ്ഞു. ജീനിയസ് എന്നൊക്കെ പലപ്പോഴും പറയുന്ന വാക്കിന്റെ യഥാർഥ അർഥമാണ് ശ്രീനിവാസൻ. സമൂഹത്തോട് പ്രതിബദ്ധത ഇല്ലെങ്കിൽ ഒരാൾ കലാകാരനാകില്ലെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞു.

തന്നെ ഈ രീതിയിൽ രൂപപ്പെടുത്തിയെടുത്തത് ശ്രീനിവാസനാണെന്ന്‌ സംവിധായകൻ എം. മോഹനൻ ഓർമിച്ചു. ‘ഒരു ദിവസം ഓടിച്ചെന്നാൽ ശ്രീനിയേട്ടൻ തിരക്കഥ എഴുതിത്തരില്ല എന്ന്‌ മനസിലായി. അതുകൊണ്ട് ഞാൻ സ്വയം കഥയെഴുതി ശ്രീനിയേട്ടനെ കേൾപ്പിക്കാൻ തുടങ്ങി. അഞ്ചര വർഷം ഓരോ കഥകൾ പറഞ്ഞ് ഞാൻ അദ്ദേഹത്തെ ബോറടിപ്പിച്ചതിനൊടുവിലാണ് ‘കഥ പറയുമ്പോൾ’ സംഭവിക്കുന്നത്. ‘അരവിന്ദന്റെ അതിഥികളി’ലാണ്‌ അവസാനമായി ഒരുമിച്ച്‌ പ്രവർത്തിച്ചത്‌. എന്റെ അവസാന ചിത്രത്തിൽ വിനീതിന്റെ അച്ഛന്റെ വേഷം ചെയ്യേണ്ടത് ശ്രീനിയേട്ടനായിരുന്നെങ്കിലും അനാരോഗ്യം കാരണം അത്‌ നടന്നില്ലെ’- മോഹനൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മോഡറേറ്ററായി.

Tags:    
News Summary - Friends sharing fond sreenivasan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.