'എക്കോ' മാസ്റ്റർപീസ്, ബിയാന മോമിൻ ഉന്നത ബഹുമതികൾ അർഹിക്കുന്നു; മ്ലാത്തി ചേട്ടത്തിയെ പ്രശംസിച്ച് ധനുഷ്

സന്ദീപ് പ്രദീപ് നായകനായ 'എക്കോ' എന്ന ചിത്രത്തിന് തിയറ്ററുകളിലും ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രമുഖ അഭിനേതാക്കളുൾപ്പെടെ പലരും ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. എക്കോ 'മാസ്റ്റർപീസ്' ആണെന്നാണ് അദ്ദേഹം പറഞ്ഞത്. 'മലയാള സിനിമയായ 'എക്കോ' ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ പരമോന്നത ബഹുമതികളും അർഹിക്കുന്നു. ലോകോത്തര പ്രകടനം' -എന്നാണ് ധനുഷ് എക്സിൽ കുറിച്ചത്.

സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലറായ എക്കോ തിയറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമിച്ച എക്കോയിൽ സൗരബ് സച്ചിദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിങ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 50 കോടിയോളം രൂപ നേടി വൻ വാണിജ്യ വിജയമായി. കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്.

Tags:    
News Summary - Dhanush calls Malayalam mystery thriller Eko a masterpiece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.