ഇഷാൻ ഖട്ടർ പ്രധാന വേഷത്തിലെത്തുന്ന നീരജ് ഘായ്‌വാൻ ചിത്രം 'ഹോംബൗണ്ടിന്’ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഷോയിബ് എന്ന കഥാപാത്രത്തെയാണ് ഇഷാൻ അവതരിപ്പിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു മുസ്ലീം യുവാവാണ് ഷോയിബ്. ഇയാളുടെ ഉറ്റ സുഹൃത്താണ് ചന്ദൻ (വിശാൽ ജെത്വ). ചന്ദൻ ഒരു ദളിത് യുവാവാണ്. ഇപ്പോഴിതാ വിവിധ സംസ്ക്കാരത്തെ കുറിച്ചാണ് ഇഷാൻ സംസാരിക്കുന്നത്. ഒന്നിലധികം സംസ്‌കാരങ്ങളും മതങ്ങളുമുള്ള അന്തരീക്ഷത്തിലാണ് താൻ വളർന്നതെന്ന് ഇഷാൻ പറയുന്നു. മോജോ സ്റ്റോറിക്കുവേണ്ടി ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രാജേഷ് ഖട്ടറിന്റെയും നീലിമ അസീമിന്റെയും മകനായ ഇഷാൻ ഖട്ടർ ബഹുമത പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരാളാണ്.
“ എന്നെ സംബന്ധിച്ചിടത്തോളം, അതാണ് എന്‍റെ ഇന്ത്യ സങ്കൽപ്പം. നാനാത്വമുള്ളതോ, മതേതരമോ, അല്ലെങ്കിൽ തുറന്നതോ, ലിബറലോ ആയ ഒരു വീട്ടിലാണ് നിങ്ങൾ വളരുന്നതെങ്കിൽ ഞാൻ വളർന്നതുപോലെ നിങ്ങളും അമ്പലങ്ങളിലും, പള്ളികളിലും, എല്ലാം പോകും. ഈ മതങ്ങളുടെയും, സംസ്‌കാരങ്ങളുടെയും, വിശ്വാസങ്ങളുടെയും സൗന്ദര്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും. ആ നിലയിൽ നമ്മൾ ഒരു ഉന്നത നിലവാരത്തിലുള്ള ജനാധിപത്യമാണ്.
നിങ്ങൾ ന്യൂയോർക്ക് അല്ലെങ്കിൽ ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അതൊരു സാംസ്‌കാരിക കേന്ദ്രമാണെന്നോ അല്ലെങ്കിൽ നിരവധി സംസ്‌കാരങ്ങൾ ഒന്നിക്കുന്ന ഒരു മെൽറ്റിങ് പോട്ട് ആണെന്നോ മനസിലാക്കും. ഒരുപക്ഷേ പുരോഗമനപരമായ രീതി അതാണ്. വ്യത്യസ്ത കാഴ്ചപ്പാടുകളും വ്യത്യസ്ത ശക്തികളുമായി വരുന്ന ആളുകൾ ഉണ്ടാകുന്നത് സമൂഹത്തിൽ വളരെയധികം വളർച്ചക്ക് വഴിയൊരുക്കുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള മനോഹരമായ ഒരു കാര്യമാണിത്. ഇത് സ്വാഭാവികമായി നമ്മുടെ ഉൾത്തലത്തിലുണ്ട്. അടിച്ചേൽപ്പിക്കപ്പെട്ട ഒന്നല്ല. ”-ഇഷാൻ പറഞ്ഞു.
“ഈ മനോഹരമായ, പ്രതീകാത്മകമായ സൗഹൃദം സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ അത് നമുക്ക് നിലനിർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് സ്വയം ഒരു നിശബ്ദമായ പ്രതിരോധമാണ്. വ്യവസ്ഥിതികൾ നിങ്ങളെ പുറത്താക്കാനോ അല്ലെങ്കിൽ അരികുകളിലേക്ക് തള്ളിവിടാനോ ശ്രമിക്കുമ്പോൾ ബന്ധം ഒരുതരം പ്രതിരോധമാണ്. ഒരേപോലെയുള്ള ജീവിത പ്രതിബന്ധങ്ങളില്ലാത്ത, മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ, പരസ്പരം സഹാനുഭൂതിയോടെ കാണാനും മനസ്സിലാക്കാനും കഴിയുന്ന, പാർശ്വവൽക്കരിക്കപ്പെട്ട രണ്ട് ആൺകുട്ടികളുടെ കഥയാണ് ഹോംബൗണ്ട്.
ഇതൊരു സംഭാഷണത്തിന് തുടക്കമിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം മുന്നോട്ട് പോകാനുള്ള ഏക വഴി അതാണ്. ഈ സിനിമ ഒരു വാദപ്രതിവാദമല്ല, മറിച്ച് ഒരു സംഭാഷണമാണ്. നമുക്കെല്ലാവർക്കും കൂടുതൽ സംഭാഷണങ്ങൾ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നു.” ഇഷാൻ അഭിപ്രായപ്പെട്ടു. എന്‍റെ ബഹുമത പശ്ചാത്തലം കാരണം ഞാൻ ഭാഗികമായി ഹിന്ദുവോ ഭാഗികമായി മുസ്ലീമോ ആയിരിക്കാം, പക്ഷേ ഞാൻ പൂർണ്ണമായും മനുഷ്യനാണ് എന്ന് ഉറപ്പിച്ചുപറയാൻ എനിക്ക് സാധിക്കുമെന്നും ഇഷാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.