ആമിർ ഖാനും റഹ്മാനും
എ.ആർ. റഹ്മാൻ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന ശൈലിയും സ്റ്റുഡിയോയിലെ അദ്ദേഹത്തിന്റെ ചില ശീലങ്ങളും ഇന്നും പലർക്കും ഒരു അത്ഭുതമാണ്. 'ലഗാൻ' എന്ന ക്ലാസിക് ചിത്രത്തിലെ ഘനൻ ഘനൻ എന്ന എക്കാലത്തെയും മികച്ച ഗാനത്തിന്റെ പിറവിക്ക് പിന്നിലെ അണിയറക്കഥകളും, റഹ്മാൻ തന്റെ സ്റ്റുഡിയോയിൽ എപ്പോഴും ഒരു മെഴുകുതിരി കത്തിച്ചുവെക്കുന്നതിന് പിന്നിലെ ആരും അറിയാത്ത കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് ആമിർ ഖാനും സംവിധായകൻ അശുതോഷ് ഗോവാരിക്കറും ജാവേദ് അക്തറും.
റഹ്മാന്റെ സ്റ്റുഡിയോയിൽ എപ്പോഴും പ്രകാശിക്കുന്ന ആ മെഴുകുതിരിയെക്കുറിച്ച് ജാവേദ് അക്തർ പറയുന്നു. ‘ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്ന ആദ്യ നാളുകളിൽ ഒരു ദിവസം ഞാൻ റഹ്മാനോട് ചോദിച്ചു. 'എന്തിനാണ് നിങ്ങൾ സ്റ്റുഡിയോയിൽ എപ്പോഴും ഈ മെഴുകുതിരി കത്തിച്ചുവെക്കുന്നത്?' അതിന് അദ്ദേഹം തന്ന മറുപടി എന്റെ ഹൃദയത്തിൽ തൊട്ടു. 'ഈ സ്റ്റുഡിയോയിലേക്ക് നോക്കൂ, ഇവിടെയുള്ളതെല്ലാം മെക്കാനിക്കൽ (യന്ത്രസാമഗ്രികൾ) ആണ്. അതിനിടയിൽ യന്ത്രമല്ലാത്ത, ജീവനുള്ള, ശാന്തമായ, വെളിച്ചം തരുന്ന എന്തെങ്കിലും ഒന്ന് ഇവിടെ ഉണ്ടാകണം. അതിനാണ് ഞാൻ ഈ മെഴുകുതിരി വെക്കുന്നത്.' എന്നായിരുന്നു റഹ്മാന്‍റെ മറുപടി.
പരമ്പരാഗത സംഗീത സംവിധായകരിൽ നിന്ന് റഹ്മാനെ വേറിട്ടു നിർത്തുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ വർക്കിങ് സ്റ്റൈൽ ആണെന്ന് ആമിർ ഖാൻ വ്യക്തമാക്കുന്നു. ‘എന്റെ അച്ഛന്റെയും അമ്മാവന്റെയും കാലത്തെ മ്യൂസിക് സെഷനുകൾ ഞാൻ കണ്ടിട്ടുണ്ട്. ബപ്പി ലാഹിരി ഒക്കെ വീട്ടിൽ വന്ന് നേരിട്ട് ഈണം പാടി കേൾപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ റഹ്മാൻ അങ്ങനെയല്ല. അദ്ദേഹം മുറിയിൽ കയറി ഒരു മെഴുകുതിരിയും കത്തിച്ചുവെച്ച് കീബോർഡിന് മുന്നിലിരിക്കും.
എന്നിട്ട് റെക്കോർഡർ ഓൺ ചെയ്യും. അടുത്ത രണ്ടോ മൂന്നോ മണിക്കൂർ അദ്ദേഹത്തിന്റെ മനസ്സിലേക്ക് വരുന്ന ഈണങ്ങളെല്ലാം അങ്ങനെ റെക്കോർഡ് ചെയ്യപ്പെടും. ശേഷം ആ കാസറ്റ് അശുതോഷിന്റെ കൈയിൽ കൊടുത്തിട്ട് പറയും, ഇതിൽ ഇഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടോന്ന് നോക്കൂ എന്ന്. അശുതോഷ് ഈ മൂന്ന് മണിക്കൂറും ഇരുന്ന് കേട്ട്, അതിൽ തനിക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ മാർക്ക് ചെയ്താണ് റഹ്മാന് ഫീഡ്‌ബാക്ക് നൽകിയിരുന്നത്’ ആമിർ ഖാൻ പറഞ്ഞു.
‘റഹ്മാൻ പാട്ടുകൾക്ക് ഘടന നിശ്ചയിക്കാറില്ലെന്നും, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് വരികളെഴുതുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ജാവേദ് അക്തർ പറയുന്നു. ‘അക്കാലത്തെ ഭൂരിഭാഗം സംഗീത സംവിധായകർക്കും കൃത്യമായ ഒരു ഘടനയുണ്ടായിരുന്നു. പല്ലവിക്കും അനുപല്ലവിക്കും പ്രത്യേക ഈണങ്ങൾ. പാട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്ക് പ്രവചിക്കാം. എന്നാൽ റഹ്മാന്റെ കാര്യത്തിൽ അടുത്ത വരി എത്ര നീളമുള്ളതായിരിക്കും, അതിന്റെ മീറ്റർ എന്തായിരിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. ഓരോ വരിക്കും ഓരോ മീറ്റർ ആയിരിക്കും. റഹ്മാന്റെ ഈണത്തിന് കൃത്യതയുള്ള ഒരു പാട്ടെഴുതാൻ കഴിഞ്ഞാൽ, ഈ ജീവിതത്തിൽ നിങ്ങൾക്ക് മറ്റെന്തും ചെയ്യാൻ കഴിയും.’ജാവേദ് അക്തർ ചിരിയോടെ പറഞ്ഞു.
ഘനൻ ഘനൻ എന്ന പാട്ടിന്റെ തുടക്കത്തിൽ ഇടിയുടെ ശബ്ദത്തിന് പകരം, മേഘങ്ങൾ ഉരുണ്ടുകൂടി വരുന്ന ഒരു ഫീൽ വേണമെന്ന് അശുതോഷ് ഗോവാരിക്കർക്ക് നിർബന്ധമുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി ഭുജിലേക്ക് പുറപ്പെടുന്നതിന്റെ തലേദിവസം രാത്രിയും ഇതിനൊരു പരിഹാരമായില്ല. ഒടുവിൽ പുലർച്ചെ 4 മണിക്ക് റഹ്മാൻ ഒരു മാജിക് കാണിച്ചു.
ഗായകൻ ശങ്കർ മഹാദേവൻ പാടിയ 'ഘനൻ' എന്ന വാക്ക് മാത്രം എടുത്ത് റഹ്മാൻ അത് പലതവണ ലൂപ്പ് ചെയ്യുകയും അതിന്റെ വോളിയം അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. അത് കേട്ടപ്പോൾ മേഘങ്ങൾ ഇരമ്പി വരുന്നതുപോലെയുള്ള ഒരു വിസ്മയ ശബ്ദമാണ് സൃഷ്ടിക്കപ്പെട്ടത്. റഹ്മാൻ എന്ന പ്രതിഭയുടെ ജീനിയസ് അടുത്തറിഞ്ഞ നിമിഷമായിരുന്നു അതെന്ന് അശുതോഷ് പറയുന്നു.
അശുതോഷിനെപ്പോലൊരു പങ്കാളിയും, ആമിറിനെപ്പോലൊരു പ്രചോദനവും, ജാവേദ് സാബിനെപ്പോലൊരു പ്രതിഭയും കൂടെയുള്ളപ്പോൾ എന്റെ ജോലി അവരോടൊപ്പം ഒഴുക്കിനനുസരിച്ച് നീന്തുക എന്നത് മാത്രമാണ്. ഞാൻ മുൻകൂട്ടി ഒന്നും തീരുമാനിക്കാറില്ല. കഥ നന്നായി അറിയാവുന്നത് അശുതോഷിനാണ്. ഞാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളായതുകൊണ്ട് തന്നെ, വരികളുടെ അർത്ഥവും ഭാവവും ചോദിച്ചറിഞ്ഞ് മനസ്സിലാക്കുകയാണ് ചെയ്യാറുള്ളത്. മികച്ച ആളുകൾ ഒപ്പമുണ്ടാകുമ്പോൾ നല്ല ആശയങ്ങൾ താനേ ജനിക്കുമെന്നായിരുന്നു റഹ്മാന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.