ദീപിക പദുകോൺ

വിഷാദരോഗം വെളിപ്പെടുത്തിയപ്പോൾ ദീപിക നേരിട്ടത് കടുത്ത വിമർശനം; ‘എന്നും ഒപ്പമുണ്ടാകുമെന്ന്’ പിതാവ് പ്രകാശ് പദുക്കോൺ

2015ൽ ടെലിവിഷനിലൂടെ തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് ദീപിക പദുകോൺ മാനസികാരോഗ്യത്തെക്കുറിച്ചുള്ള നിശബ്ദതയും സാമൂഹികമായ നാണക്കേടും തകർത്തെറിഞ്ഞത് വലിയ വാർത്തയായിരുന്നു. മാനസികാരോഗ്യം തുറന്നു പറയേണ്ടതാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ 'ദി ലിവ് ലൗ ലാഫ് ഫൗണ്ടേഷൻ' എന്ന സംഘടനയിലൂടെ ദീപിക വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു.

ദീപികയുടെ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി അച്ഛനും ബാഡ്മിന്റൺ ഇതിഹാസവുമായ പ്രകാശ് പദുക്കോണും അമ്മയും ഒപ്പമുണ്ടായിരുന്നു. 'ദി സംതിങ് ബിഗ്ഗർ ഷോ'യിൽ സംസാരിക്കവെയാണ് മകളുടെ തീരുമാനത്തെക്കുറിച്ചും തങ്ങൾ നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നത്.

‘മകൾ പരസ്യമായി സംസാരിക്കുന്നത് മറ്റുള്ളവർക്ക് സഹായകരമാകുമെങ്കിൽ അതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ലായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണെന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം അവളുടെ ഒരു സുഹൃത്ത് മരിച്ചപ്പോൾ, ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ദീപികയുടെ തീരുമാനം ശക്തമായി’ പ്രകാശ് പദുക്കോൺ പറഞ്ഞു.

‘അവൾ വന്നു പറഞ്ഞു. ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. സെലിബ്രിറ്റികൾ പലപ്പോഴും സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ സംരംഭങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. എന്നാൽ എനിക്ക് മാനസികാരോഗ്യ മേഖലയിൽ എന്തെങ്കിലും ചെയ്യണം.’ ഞാൻ അവളോട് പറഞ്ഞു, 'നീ ഇഷ്ടമുള്ളത് ചെയ്തോളൂ, നിന്റെ തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുന്നു.' മാനസികാരോഗ്യം ഒരു ഗൗരവമേറിയ വിഷയമാണ്. ആളുകൾ ഇത് ചർച്ച ചെയ്യാൻ മടിക്കുന്നു, നാണിക്കുന്നു. എന്നാൽ ഇത് ആർക്കും സംഭവിക്കാവുന്നതാണ്, മനസ്സിനെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതുമാണെന്ന് പ്രകാശ് പദുക്കോൺ പറയുന്നു.

ഏകദേശം പത്തു വർഷം മുമ്പ് ആരംഭിച്ച ഫൗണ്ടേഷൻ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ വലിയ സംഭാവനയാണ് നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ശാരീരിക അസുഖം വന്നാൽ ഡോക്ടറെ കാണുന്നതുപോലെ, മാനസിക പ്രയാസങ്ങളുണ്ടായാൽ പ്രൊഫഷണലുകളെ സമീപിക്കാൻ മടിക്കേണ്ടതില്ലെന്ന സന്ദേശമാണ് ഫൗണ്ടേഷൻ പ്രചരിപ്പിക്കുന്നത്.

തുടക്കത്തിൽ ദീപിക വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. തന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഒരു 'പബ്ലിസിറ്റി സ്റ്റണ്ട്' ആണെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് പണം വാങ്ങി ചെയ്യുന്നതാണെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നു. എന്നാൽ ഈ വിമർശനങ്ങളൊന്നും വകവെക്കാതെ തന്റെ കർമ്മപഥത്തിൽ മുന്നോട്ട് പോകാനാണ് താൻ തീരുമാനിച്ചതെന്ന് കഴിഞ്ഞ വർഷം സി.എൻ.ബി.സി-ടിവി18ന് നൽകിയ അഭിമുഖത്തിൽ ദീപിക പറഞ്ഞിട്ടുണ്ട്.

‘ഞാൻ എന്റെ ടീമിനോട് പറഞ്ഞിരുന്നു, വിമർശനങ്ങൾ കേൾക്കാതെ നമ്മൾ നമ്മുടെ ജോലി തുടർന്നുപോകണം’ എന്ന് ദീപിക പറഞ്ഞു. ഇന്ത്യയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗല്ലി ക്രിക്കറ്റിനെ പോലെ സാധാരണവും സജീവവുമാക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും താരം വ്യക്തമാക്കി.

Tags:    
News Summary - Deepika Padukone started mental health foundation after friend’s death, says dad Prakash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.