ദുൽഖർ സൽമാൻ

‘ഭിന്നിപ്പും അക്രമവുമല്ല, വേണ്ടത് സഹാനുഭൂതി’ -ജന്തർ മന്തർ പ്രതിഷേധത്തിന് പിന്തുണയുമായി ദുൽഖർ സൽമാൻ

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നടൻ ദുൽഖർ സൽമാന്റെ പിന്തുണ. ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണെന്ന് വ്യക്തമാക്കിയ ദുൽഖർ, പരസ്പരം മനസ്സിലാക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും ഈ സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ പറഞ്ഞു. ജന്തർ മന്ദറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം അൽപനേരം ആലോചിപ്പിക്കാനും, കാര്യങ്ങൾ കേൾക്കാനും, പരസ്പരം മനസ്സിലാക്കാനും ഓർമപ്പെടുത്തുന്ന ഒന്നാണ്. യുവാക്കൾ ഇത്തരത്തിൽ ഒരു വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നു.

ചില വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ യാതൊരു വഴിയുമില്ലെന്ന് തോന്നുകയും, മറ്റുചിലർ തങ്ങളുടെ ജീവൻ തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി.

വിദ്യാർഥികളുടെ വേദനകൾക്കൊപ്പം അവരുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവുമായ കഷ്ടപ്പാടുകളും അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവെച്ചു. തങ്ങളുടെ മക്കളുടെ പ്രതീക്ഷകൾ നിലനിർത്താൻ കടബാധ്യതകൾ ഏറ്റെടുത്ത് വലിയ വേദനയോടെയാണ് പല രക്ഷിതാക്കളും മുന്നോട്ട് പോകുന്നത്. ഏത് അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം, ഓരോ വ്യക്തിക്കും അവരുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളും കുടുംബവും ഉണ്ടെന്നും അവ തികഞ്ഞ അനുകമ്പയും ബഹുമാനവും അർഹിക്കുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.

നേരത്തേ മലയാളത്തിലെ നിരവധി നടന്മാർ ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് പലരും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സർക്കാറിനെ വിമർശിച്ചത്. നിരവധി സാംസ്കാരിക പ്രവർത്തകരും സമരത്തെ പിന്തുണച്ച് രംഗത്തുണ്ട്.

Tags:    
News Summary - Dulquer Salmaan Extends Support to Jantar Mantar Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.