സിനിമ ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. താൻ ഷാരൂഖ് ഖാനെക്കാളും തിരക്കിലാണെന്ന് തമാശയായി അനുരാഗ് കശ്യപ് പറഞ്ഞു. മുംബൈ വിട്ട് ഒരു ദക്ഷിണ നഗരത്തിലേക്ക് താമസം മാറുമെന്ന പ്രസ്താവനക്ക് പിന്നാലെയാണിത്.
2028 വരെയുള്ള തിരക്കേറിയ ഷെഡ്യൂളിനെക്കുറിച്ചും അനുരാഗ് കശ്യപ് പങ്കുവെച്ചു. മുംബൈയിൽ നിന്ന് മാറിത്താമസിക്കുക മാത്രമാണ് ചെയ്തതെന്നും സിനിമകൾ ഉപേക്ഷിച്ചിട്ടില്ലെന്നുമുള്ള വസ്തുത അനുരാഗ് കശ്യപ് ആവർത്തിച്ചു. 2028 വരെ തനിക്ക് ഡേറ്റില്ലെന്നും. അഞ്ച് ചിത്രങ്ങളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ആദ്യം, ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ, മുംബൈയിൽ സിനിമ വ്യവസായം വിഷലിപ്തമായി എന്ന് തോന്നിയതിനാലാണ് താൻ മുംബൈ വിടാൻ തീരുമാനിച്ചതെന്ന് കശ്യപ് വെളിപ്പെടുത്തിയിരുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ, താൻ ദക്ഷിണേന്ത്യയിലേക്ക് താമസം മാറുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദി സിനിമ മേഖല മടുത്തതായും സംവിധാനം ചെയ്യുന്നതിലെ സന്തോഷം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സ് പോലുള്ള ഒരു സിനിമ ഹിന്ദിയിൽ ഉണ്ടാകുന്നില്ല. മറ്റു ഭാഷകളിലെ സിനിമ വിജയിച്ചാൽ അത് ഹിന്ദിയിൽ റീമേക്ക് ചെയ്യും. റീമേക്കിങ്ങിൽ മാത്രമാണ് ഇവിടെ താൽപര്യം. പുതുതായി ഒന്നും അവർ പരീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.