സംഗീതസംവിധായകൻ എ.ആർ. റഹ്മാന് 2025 വളരെ തിരക്കേറിയ വർഷമായിരുന്നു. നിതേഷ് തിവാരിയുടെ രാമായണ 2026 അവസാനം പുറത്തിറങ്ങും. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ റഹ്മാൻ ഇതിഹാസ സംഗീതസംവിധായകൻ ഹാൻസ് സിമ്മറുമായി സഹകരിക്കുന്നു. ബി.ബി.സി ഏഷ്യന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ, പാട്ട് നിർമിക്കുമ്പോൾ തന്റെ മതവിശ്വാസങ്ങൾ പ്രസക്തമായിരുന്നോ എന്ന് റഹ്മാനോട് അവർ ചോദിച്ചു.
'ഞാൻ ഒരു ബ്രാഹ്മണ സ്കൂളിലാണ് പഠിച്ചത്, എല്ലാ വർഷവും ഞങ്ങൾക്ക് രാമായണവും മഹാഭാരതവും ഉണ്ടായിരുന്നു. അതിനാൽ എനിക്ക് കഥ അറിയാം. ഒരു വ്യക്തി എത്ര സദ്‌ഗുണമുള്ളവനാണെന്നും ഉയർന്ന ആദർശങ്ങളെക്കുറിച്ചും മറ്റും കഥ പറയുന്നു. ഞാൻ എല്ലാ നല്ല കാര്യങ്ങളെയും വിലമതിക്കുന്നു. അറിവ് വിലമതിക്കാനാവാത്ത ഒന്നാണ്, അത് നിങ്ങൾക്ക് എവിടെ നിന്ന് ലഭിക്കുന്നത് എന്നതല്ല വിഷയം' -അദ്ദേഹം പറഞ്ഞു.
ചെറിയ ചിന്തകളിൽ നിന്നും സ്വാർത്ഥതയിൽ നിന്നും പുറത്തുവരണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 'ഈ മുഴുവൻ സിനിമയിലും ഞാൻ അഭിമാനിക്കുന്നു. കാരണം ഇത് അത്രയും സ്നേഹത്തോടെ ഇന്ത്യയിൽ നിന്ന് മുഴുവൻ ലോകത്തേക്കും ഉള്ളതാണ്. ഹാൻസ് സിമ്മർ ജൂതനാണ്, ഞാൻ മുസ്ലിമാണ്, രാമായണം ഹൈന്ദവവും' -റഹ്മാൻ കൂട്ടിച്ചേർത്തു.
നേരത്തെ, കണക്ട് സിനിക്ക് നൽകിയ അഭിമുഖത്തിൽ ഹാൻസ് സിമ്മറിനൊപ്പം പ്രവർത്തിക്കാനായതിനെ കുറിച്ച് എ.ആർ. റഹ്മാൻ സംസാരിച്ചിരുന്നു. 'ഞങ്ങൾക്ക് ഉണ്ടായിരുന്ന സെഷനുകൾ മികച്ചതായിരുന്നു. ആദ്യ സെഷൻ ലണ്ടനിലായിരുന്നു, രണ്ടാമത്തേത് ലോസ് ഏഞ്ചൽസിലും മൂന്നാമത്തേത് ദുബൈയിലുമായിരുന്നു. സംസ്കാരത്തെക്കുറിച്ച് അദ്ദേഹത്തിന് ജിജ്ഞാസയുണ്ട്, വിമർശനത്തോട് അദ്ദേഹം തുറന്ന മനസ്സുള്ളവനാണ്' -റഹ്മാൻ വിശദീകരിച്ചു.
ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാമനായി രൺബീറും സീതയായി സായി പല്ലവിയും രാവണനായി യാഷും അഭിനയിക്കുന്നു. വാൽമീകി രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. രാമായണയിൽ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച കാൻവാസിലാണ് രാമായണ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.