2016ലെ തെരഞ്ഞെടുപ്പിൽ പറവൂരുള്ള സലിം കുമാറിന്റെ വീട് സന്ദർശിക്കുന്ന പി. ജയരാജൻ - സുബീഷ് സുധി പങ്കുവെച്ച ഫോട്ടോ
കൊച്ചി: ഹാസ്യ നടൻ സലിം കുമാറിന്റെ വേർപാടിൽ അദ്ദേഹവുമായുള്ള ഓർമകൾ ഓർത്തെടുത്ത് സുഹൃത്തും നടനുമായ സുബീഷ് സുധി. സാമൂഹികമാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുബീഷ് സുധി പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയുടെ ഓർമകൾ പങ്കുവെച്ചത്. കടുത്ത കോൺഗ്രസ് സഹയാത്രികനായിരുന്ന സലിം കുമാർ പി. ജയരാജന്റെ വലിയ ഫാൻ ആയിരുന്നു. പി. ജയരാജന്റെ രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നതായി സുബീഷ് സുധി പറയുന്നു.
2016ലെ തെരഞ്ഞെടുപ്പ് കാലത്ത് എറണാകുളത്തേക്ക് വന്ന ജയരാജേട്ടനെ കുട്ടി ഞാൻ പറവൂരിലുള്ള സലീമേട്ടന്റെ വീട്ടിൽ പോയിയിരുന്നു. ജയരാജേട്ടൻ സലിം കുമാറിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ, അദ്ദേഹത്തെ വിളിച്ചു തമാശക്ക് ചോദിച്ചു, 'എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ?' അപ്പോൾ സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട്. 'സതീഷേട്ടൻ പോയാലും ഞാൻ കോൺഗ്രസ് വിടില്ല' എന്നാണ് സലീമേട്ടൻ മുഖ്യമന്ത്രിയോട് മറുപടി പറഞ്ഞതെന്നും സുബീഷ് സുധി ഓർത്തെടുക്കുന്നു.
'കറുത്ത ജൂതന്റെ' പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി. ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയിൽ എത്തിച്ചും സലീമേട്ടൻ ശ്രദ്ധ നേടിയിരുന്നു. സലീമിനെ അടുത്തറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കുകയും ബദ്ധവൈരം മറന്ന് നമ്മൾ ഒന്നിക്കുമെന്നാണ് സുധാകരേട്ടൻ അന്ന് പറഞ്ഞതെന്നും സുബീഷ് സുധി കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ന് അമൃത ഹോസ്പിറ്റലിൽ സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോൾ ആരോമൽ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം, നിങ്ങൾക്ക് രാഷ്ട്രിയം പറഞ്ഞു അടികുടാൻ അച്ഛനില്ലല്ലോ?. അതെ പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ മനസ്സിൽ നിന്ന് മായുന്നില്ല നിർത്തുന്നു... എന്ന വൈകാരിക വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് സലിം കുമാറിനെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. തുടർന്ന്, ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും ഒമ്പത് മണിയോടെ പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിനായി മൃതദേഹം എത്തിച്ചു. ഉച്ചക്ക് ഒരുമണി വരെയാണ് പൊതുദർശനം. ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഔദ്യോഗിക മഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.