സൽമാൻ ഖാൻ

ചോദ്യപേപ്പർ ചോർച്ച വളരെ ഗൗരവമായ വിഷയമാണ്, അതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യരുത് -സൽമാൻ ഖാൻ

വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തിയ പശ്ചാത്തലത്തിലാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘വളരെ സമാധാനപരമായി തുടങ്ങിയ ഒരു പ്രക്ഷോഭം ആക്രമണത്തിൽ കലാശിച്ചതിൽ വലിയ വിഷമമുണ്ട്. പരിക്കേറ്റ വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു. ചോദ്യപേപ്പർ ചോർച്ച എന്നത് വളരെ ഗൗരവമുള്ളൊരു വിഷയമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിനായി രാജ്യത്തെ കുട്ടികൾ ഒന്നിച്ചുനിന്നതും, അവർക്ക് മാതാപിതാക്കൾ പിന്തുണ നൽകിയതും കാണുമ്പോൾ സന്തോഷമുണ്ട്. വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തെയും ധൈര്യത്തെയും പ്രശംസിച്ച സൽമാൻ ഖാൻ, രാജ്യത്തിന്റെ തിളക്കമാർന്ന ഭാവിക്ക് ഇത്തരം നിലപാടുകൾ അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു.

‘പഠിക്കാനും രാജ്യത്തിന് അഭിമാനമാകാനും ആഗ്രഹിക്കുന്ന ഈ തലമുറയുടെ സമരം ശരിയായ ദിശയിലുള്ളതാണ്. വളരെ ശാന്തമായും എന്നാൽ ധീരമായുമാണ് അവർ പോരാടുന്നത്. ഈ വിഷയം വിദ്യാർഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ളതാണ്. ഇതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. ഇതിന്റെ ക്രെഡിറ്റ് കുട്ടികൾക്ക് മാത്രമുള്ളതാണ്. കേന്ദ്ര സർക്കാർ വിദ്യാർഥികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തമാക്കുമെന്നും കരുതുന്നു സൽമാൻ ഖാൻ വ്യക്തമാക്കി. 

ഇന്ത്യ ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ ഹബ്ബായി മാറണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. വിദ്യാഭ്യാസം എന്നത് ഏറ്റവും വലിയ ട്രെൻഡും ഫാഷനുമായി മാറണം. വിദേശത്തുനിന്നും ആളുകൾ ഇന്ത്യയിൽ വന്ന് പഠിക്കുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാഭ്യാസ രംഗം വളരണം.

കഴിഞ്ഞ ഒരു മാസമായി കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ജന്തർ മന്തറിൽ സമരം ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച ഇവർ പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിലക്കുകൾ ലംഘിച്ച് പ്രകോപനപരമായും അക്രമസ്വഭാവത്തോടും കൂടിയാണ് വിദ്യാർഥികൾ മുന്നേറിയതെന്നും, പിരിഞ്ഞുപോകാനുള്ള നിർദേശം അനുസരിക്കാത്തതിനാലാണ് ശക്തിപ്രയോഗിക്കേണ്ടി വന്നതെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. സമാധാനപരമായി വന്ന തങ്ങളെ പൊലീസ് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്ന് വിദ്യാർഥികൾ പറയുന്നു. ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. 

Tags:    
News Summary - Salman Khan Backs CJP Student Protests Against Paper Leaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.