പാ സിനിമയിൽ നിന്ന്
ആർ. ബാൽക്കിയുടെ 'പാ' എന്ന സിനിമ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അമിതാഭ് ബച്ചന്‍റെ അച്ഛനായിട്ടാണ് അഭിഷേക് ബച്ചൻ എത്തിയത്. ഈ ചിത്രത്തിലൂടെ അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ദേശീയ അവാർഡുകൾ നേടി. 2009ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ മികച്ച നടനുള്ള പുരസ്കാരം അമിതാഭിന് ലഭിച്ചപ്പോൾ സിനിമയുടെ നിർമാതാവ് എന്ന നിലയിൽ മികച്ച ഹിന്ദി ഫീച്ചർ ഫിലിമിനുള്ള ബഹുമതി മകനായ അഭിഷേകിന് ലഭിച്ചു.
“ഒരു നിർമാതാവെന്ന നിലയിൽ ഞാൻ ആ സിനിമ 17 കോടി രൂപക്കാണ് ചെയ്തത്. ഞാൻ സിനിമയുടെ നായകനും എന്റെ അച്ഛനുമായ അമിതാഭ് ബച്ചന്റെ അടുത്ത് പോയി പറഞ്ഞു. എനിക്ക് ഈ സിനിമ നിർമിക്കണം. ഇതിന് നിങ്ങൾക്ക് പ്രതിഫലം തരാൻ എനിക്ക് കഴിയില്ല. കാരണം നിർമാണ ബഡ്ജറ്റ് 17 കോടി രൂപയാണ്. അതിൽ കൂടുതലായാൽ സിനിമ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ നേടുന്ന ലാഭത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് പണം നൽകാം. അദ്ദേഹം പെട്ടെന്ന് സമ്മതിച്ചു.” സിനിമയുടെ നിർമാണം പൂർത്തിയായ ശേഷം ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ നിന്ന് ലഭിച്ച വാഗ്ദാനത്തെക്കുറിച്ചും അഭിഷേക് ബച്ചൻ ഓർമിച്ചു.
“കോർപ്പറേറ്റ് സ്ഥാപനം സിനിമക്ക് വേണ്ടി 60 കോടി രൂപ വാഗ്ദാനം ചെയ്തു. ഞാൻ ഒരു സിനിമക്ക് 17 കോടി രൂപ ചെലവഴിച്ചു. എനിക്ക് 60 കോടി രൂപയുടെ ഓഫർ ലഭിക്കുകയാണെങ്കിൽ 43 കോടി രൂപ ലാഭം നേടാമെന്ന് ബിസിനസ്സ് ബുദ്ധി എന്നോട് പറയുന്നു. ഞാൻ അത് എടുക്കേണ്ടതായിരുന്നു” ഒരു പഴയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ പറഞ്ഞു. എന്നാൽ ബിസിനസ്സ് യുക്തിക്ക് വിപരീതമായി ആ വാഗ്ദാനം സ്വീകരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. കാരണം ആ സിനിമയുടെ മാർക്കറ്റ് 17 കോടി രൂപയിൽ കൂടുതലായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഞാൻ 60 കോടി രൂപക്ക് വിറ്റിരുന്നെങ്കിൽ പാ ഒരു പരാജയമായിരുന്നു എന്ന് ഇന്ന് നിങ്ങൾ പറയുമായിരുന്നു. അതിനാൽ അത് എല്ലായ്പ്പോഴും നിർമാതാവിന്റെ കൈകളിലാണ്” അഭിഷേക് പറഞ്ഞു.
അഭിഷേക് ബച്ചന്റെ കണക്കുകൂട്ടൽ ശരിയായിരുന്നു, കാരണം 'പാ' ആഭ്യന്തര ബോക്‌സ് ഓഫീസിൽ നിന്ന് 40.84 കോടി രൂപയും ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 47 കോടി രൂപയും ഗ്രോസ് വരുമാനം നേടി. മികച്ച ഹിന്ദി ഫീച്ചർ ഫിലിം, മികച്ച നടൻ, ചിത്രത്തിൽ അമിതാഭിന്റെ അമ്മൂമ്മയായി വേഷമിട്ട അരുന്ധതി നാഗിന് മികച്ച സഹനടിക്കുള്ള അവാർഡ്, പ്രൊജീരിയ എന്ന രോഗവുമായി മല്ലിടുന്ന കുട്ടിയായി അമിതാഭിനെ തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലേക്ക് മാറ്റിയതിന് മികച്ച മേക്കപ്പ് എന്നിവ ഉൾപ്പെടെ നിരവധി ദേശീയ അവാർഡുകളും ചിത്രം നേടി.
“ഇത്തവണ, അഭിഷേക് ആണ് നിർമാണപരമായ എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്തത് വളരെ പക്വതയോടെയാണ്. അവൻ അത് ചെയ്തതെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവൻ ശ്രദ്ധേയമായ ഒരു ജോലി ചെയ്തുവെന്ന് ഞാൻ കരുതുന്നു. ഗുണനിലവാരത്തിലോ ഷൂട്ടിങ് ലൊക്കേഷനുകളിലോ വിട്ടുവീഴ്ച ചെയ്യാതെ സിനിമ നിർമിച്ചതിന് ഞാൻ അവന് വലിയ ക്രെഡിറ്റ് നൽകുന്നു. ദൈവം സഹായിച്ച് അത് നല്ല ഫലം നൽകും എന്നാണ് പായെ പ്രശംസിച്ച് അമിതാഭ് ബച്ചൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.