ഭാര്യയെയും ഭാര്യമാതാവിനെയും പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്

പയ്യന്നൂർ: വിവാഹമോചനത്തിന് കേസ് കൊടുത്ത വിരോധത്തിൽ ഭാര്യയേയും ഭാര്യമാതാവിനേയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്. തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റു.

ഞായറാഴ്ച രാത്രി 10ഓടെ കരിവെള്ളൂർ കൂക്കാനത്താണ് സംഭവം. കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പിൽ പ്രഭാകരന്‍റെ ഭാര്യ പി. പത്മിനി (56), മകൾ പി. പ്രജിഷ (37) എന്നിവരെയാണ് പ്രജിഷയുടെ ഭർത്താവ് സി.വി. സനൽകുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രജിഷയുടെ പിതാവ് വി.വി.പ്രഭാകരന്‍റെ പരാതിയിൽ പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി. സനൽ കുമാറിനെ(46)തിരെ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

പ്രജിഷ വിവാഹമോചനത്തിനായി ഭർത്താവിനെതിരെ കേസ് കൊടുത്ത വിരോധത്തിലാണ് ഈ കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പത്മിനിയും പ്രജിഷയും ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ സനൽകുമാർ കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് പുറത്തേക്കോടിയ പ്രതി സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ സനൽ കുമാർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാളുടെ നില ഗുരുതരമാണ്. തീപിടുത്തത്തിൽ നിന്നും ഗൃഹനാഥനായ പ്രഭാകരനും പേരക്കുട്ടികളും തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.

Tags:    
News Summary - Man Sets Wife, Mother-in-Law Ablaze with Petrol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.