മൂന്നാം ക്ലാസ് വിദ്യാർഥിനിയെ മർദ്ദിച്ച് തലമുടി പിഴുതെടുത്ത് അധ്യാപകൻ
ലഖ്നോ: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ അതിക്രൂരമായി മർദ്ദിച്ചതായി ആരോപണം. വിദ്യാർഥിനിയെ മനോജ് എന്ന അധ്യാപകൻ അപമര്യാദയായി പെരുമാറുകയും മർദ്ദിക്കുകയും മുടി പിഴുതെടുക്കുകയും ചെയ്തു എന്നാണ് ആരോപണം. അനോഖി എന്ന വിദ്യാർഥിനിക്കാണ് മോശം അനുഭവമുണ്ടായത്. ഭദോഹി ജില്ലയിലാണ് സംഭവം. അതേസമയം, അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.
സംഭവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ അനോഖി അധ്യാപകനെതിരെ ഗുരുതരമായ ആരോപങ്ങളാണ് ഉന്നയിക്കുന്നത്. അധ്യാപകനായ മനോജ് എങ്ങനെയാണ് തന്നെ ഉപദ്രവിച്ചതെന്നും വിഡിയോയിൽ വിദ്യാർഥിനി വ്യക്തമാക്കുന്നുണ്ട്. മുടി പിഴുതെടുത്ത തലയുടെ ഭാഗവും മുടിയും വിദ്യാർഥിനി വിഡിയോയിൽ കാണിക്കുന്നത് കാണാം. കൂടാതെ മനോജ് ഇടയ്ക്കിടെ വിദ്യാർഥികളോട് മോശമായി പെരുമാറുകയും തല്ലുകയും ചെയ്യാറുണ്ടെന്ന് അനോഖി ആരോപിക്കുന്നുണ്ട്.
അധ്യാപകനെതിരെയുള്ള പരാതിക്കൊപ്പം തന്നെ സ്കൂൾ മാനേജ്മെന്റിനെതിരെയും പരാതികൾ ഉയരുന്നുണ്ട്. മനോജ് അനോഖിയെ ഉപദ്രവിച്ചത് പരാതിപ്പെട്ടപ്പോൾ മാനേജ്മന്റ് നടപടികൾ എടുക്കാൻ തയ്യാറായില്ല എന്നാണ് പ്രധാന ആരോപണം. ഒപ്പം സ്കൂൾ മാനേജ്മന്റ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നും പറയപ്പെടുന്നു.
ഈ സംഭവം കുടുംബാംഗങ്ങളിലും പ്രദേശവാസികളിലും വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. അധ്യാപകനെതിരെ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, വീഡിയോ ശ്രദ്ധയിൽ പെട്ട പൊലീസ് കേസ് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇത് ആദ്യമായല്ല ഉത്തർ പ്രദേശിൽ നിന്ന് അധ്യാപകൻ വിദ്യാർഥികളോട് മോശമായി പെരുമാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നത്. കഴിഞ്ഞ ആഴ്ച അധ്യാപകൻ ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ തലയിൽ തബല വായിക്കുന്നതുപോലെ കൈകൊണ്ട് തട്ടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് സൈഫായ് ബ്ലോക്കിലെ ബിരൗലി പ്രൈമറി സ്കൂളിലെ അസിസ്റ്റന്റ് അധ്യാപകനായ ദിനേശ് കുമാർ മാഥൂർ എന്ന അധ്യാപകനെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.