രോഗം മാറാനുള്ള പൂജക്കായി സ്വന്തം സഹോദരിമാരെ ബലി നൽകി യുവാവ്; ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
റാഞ്ചി: ജാർഖണ്ഡിൽ അന്തവിശ്വാസത്തിന്റെ പേരിൽ സഹോദരിമാരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം രോഗങ്ങൾ ഭേദമാകുമെന്ന തെറ്റായ വിശ്വാസത്തിലാണ് 45കാരനായ പ്രതി രണ്ട് സഹോദരിമാരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഈസ്റ്റ് സിങ്ഭും ജില്ലയിലെ ധാൽഭുംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബെയ്ഡ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
തന്റെ അസുഖങ്ങൾ മാറാൻ പ്രത്യേക പൂജയും മന്ത്രവാദവും നടത്തണമെന്ന് വിശ്വസിച്ച പ്രതി ഇതിനായി തന്റെ രണ്ട് സഹോദരിമാരെ (55, 50 വയസ്സ് പ്രായമുള്ളവർ) വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം വീട് പൂട്ടിയിട്ട് ഏകദേശം 15 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ സ്വയം കീഴടങ്ങുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊലീസ് കൃത്യത്തിന് ഉപയോഗിച്ച കോടലിയും കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് പറയുന്നതനുസരിച്ച് ഒരു പ്രത്യേക പൂജക്കായാണ് പ്രതി സഹോദരിമാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ പ്രതിയുടെ മറ്റൊരു സഹോദരി മാധ്യമങ്ങളോട് പറഞ്ഞത് അയാൾ തന്നെയും ആ പൂജയിലേക്ക് ക്ഷണിച്ചിരുന്നു എന്നാണ്. പക്ഷേ അവർ പോയില്ല. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് യുവതി പറയുന്നു. എന്നാൽ ഇവരുടെ മറ്റു രണ്ട് സഹോദരിമാർ തങ്ങലുടെ അനുചനെ പരിചരിക്കാനും അസുഖം ഭേദമാക്കാൻ സഹായിക്കുന്ന പൂജയിൽ പങ്കുചേരാനുമാണ് അവിടെ എത്തിയത്.
പ്രതി അന്ധവിശ്വാസത്തിന്റെ പുറത്താണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ധീരജ് കുമാർ മിശ്ര സ്ഥിരീകരിച്ചു. പ്രതിയുടെ വീട്ടിൽ നിന്ന് നിരവധി മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, നാടൻ വൈദ്യന്മാരുടെയും മന്ത്രവാദികളുടെയും ചികിത്സയിലായിരുന്നു ഇയാൾ എന്നും പൊലീസ് വ്യക്തമാക്കുന്നു. സമൂഹത്തിൽ ഇന്നും വേരൂന്നിയുള്ള അന്ധവിശ്വാസങ്ങൾ എത്രത്തോളം അപകടകരമായ അവസ്ഥകളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നതിന്റെ മറ്റൊരു ദാരുണ ഉദാഹരണമാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.