പ്രതീകാത്മക ചിത്രം
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ 40,000 രൂപക്ക് വിറ്റു; ഡോക്ടറുൾപ്പെടെ ആറ് പേർക്കെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയിലെ നാലസോപരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ 40,000 രൂപക്ക് വിറ്റതായി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവവും ശിശുക്കടത്തും ഉൾപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ഡോക്ടറും കുട്ടിയുടെ അമ്മയും ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച 22 കാരനായ യുവാവ്, അദ്ദേഹത്തിന്റെ അമ്മ, അയൽവാസിയായ സ്ത്രീ, പ്രസവമെടുത്ത ഡോക്ടർ, കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ എന്നിവർക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റിലായ മുഖ്യപ്രതിയായ 22 കാരനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലെ നാലസോപര ഈസ്റ്റ് പ്രദേശത്ത് താമസിക്കുന്ന 17 കാരിയായ പെൺകുട്ടി, 22 കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് വിവരമറിഞ്ഞ അമ്മ, കഴിഞ്ഞ ഞായറാഴ്ച നാലസോപര ഈസ്റ്റ് സന്തോഷ് ഭുവനിലുള്ള 'സൂര്യ ഹോസ്പിറ്റൽ' എന്ന സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പ്രസവം എടുത്തത് ഡോക്ടറാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രസവിച്ചയുടൻ നവജാത ശിശുവിനെ നാലസോപരയിലെ തന്നെയുള്ള ദമ്പതികൾക്ക് 40,000 രൂപക്ക് വിൽക്കുകയായിരുന്നു. പ്രസവം കഴിഞ്ഞയുടൻ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി.
പ്രസവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടിക്ക് തിങ്കളാഴ്ച കടുത്ത വയറ്റുേവദന അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ വസായ്-വിരാർ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള തുലിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയെത്തി ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി അടുത്തിടെ പ്രസവിച്ചിരുന്നു എന്ന വിവരം പുറത്തുവന്നത്. ആശുപത്രി അധികൃതർ ഉടൻതന്നെ തിങ്കളാഴ്ച രാത്രി തുലിഞ്ച് പൊലീസിനെ വിവരം അറിയിക്കുകയും, തുടർന്ന് പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുട്ടിയെ വാങ്ങിയ ദമ്പതികൾക്ക് 14 വർഷമായി കുട്ടികൾ ഇല്ലാതിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വസായ്-വിരാർ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സൂര്യ ഹോസ്പിറ്റൽ പൊലീസ് സീൽ ചെയ്തു. ആശുപത്രിയിൽ അനധികൃത പ്രസവങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷന്റെ ആരോഗ്യ വകുപ്പ് ചെയർമാൻ നിലേഷ് ദേശ്മുഖ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.