അഞ്ച് ദിവസത്തിന് ശേഷം തല കിട്ടി; 48 മണിക്കൂർ അന്ത്യശാസനത്തിന്റെ എരിതീയിൽ വിയർത്ത് മണിപ്പൂർ
ഇംഫാൽ: കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ അറുത്തുമാറ്റിയ തല അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്താൻ നാഗാ വിഭാഗം നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് തല കണ്ടെത്തിയത്. ഇംഫാലിൽ നിന്ന് ഏകദേശം 85 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിലെ കാടുകളിൽ നിന്നാണ് സുരക്ഷാ സേനയും പൊലീസും ചേർന്ന് ഇത് കണ്ടെടുത്തത്. 52 കാരനായ അജിൻപൗ റിങ്ഖാംമായി ഈ മാസം 10-ന് രാവിലെയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ തലയുണ്ടായിരുന്നില്ല. ഇരയുടെ കുടുംബം ഈ വിവരം സ്ഥിരീകരിച്ചു.
തല കണ്ടെത്തുന്നതിന് 48 മണിക്കൂർ സമയം നൽകിക്കൊണ്ടുള്ള അന്ത്യശാസനം, സംഘർഷഭരിതമായ സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരുന്നു. ഇരയുടെ തല വെട്ടിമാറ്റുന്നത് ക്രൂരമായ ഒരു പ്രവൃത്തി മാത്രമല്ല, തങ്ങളുടെ സമുദായത്തിന് ഉണ്ടായ അപമാനം കൂടിയാണെന്നായിരുന്നു അവരുടെ നിലപാട്. കൊല്ലപ്പെട്ട യുവാവിന്റെ തല അറുത്തുമാറ്റി ഉപേക്ഷിച്ചത് നാഗാ വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
തല തിരികെ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് നാഗാ ഗ്രൂപ്പുകൾ മുന്നറിയിപ്പും നൽകിയിരുന്നു. ഉച്ചയോടെയാണ് കാടുകളിൽ നിന്ന് തല കണ്ടെത്തിയതെന്ന് ഉപമുഖ്യമന്ത്രി ലോസി ദികോ പറഞ്ഞു.ഒക്ടോബർ 10-ന്, കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ്പോക്പി ജില്ലയിൽ വെച്ച് അജിൻപൗ റിങ്ഖാംമായിയെ കുക്കി വിഭാഗം വെടിവെച്ചു കൊലപ്പെടുത്തുകയും തുടർന്ന് തല വെട്ടിമാറ്റി കൊണ്ടുപോവുകയും ചെയ്തുവെന്നാണ് ആരോപണം.
വേർപെടുത്തപ്പെട്ട തല കണ്ടെത്തുന്നതുവരെ പോസ്റ്റ്മോർട്ടം നടപടികൾ നടത്താൻ നാഗാ ഗ്രൂപ്പുകൾ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് നാഗാ വിഭാഗം തിങ്കളാഴ്ച വൈകുന്നേരം സർക്കാരിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.
“കാണാതായ തല വീണ്ടെടുത്ത് മാന്യമായ സംസ്കാരത്തിനായി കുടുംബത്തിന് തിരികെ നൽകുന്നത് വരെ അജിൻപൗവിനായുള്ള പോസ്റ്റ്മോർട്ടം പരിശോധന നടത്തരുതെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അന്ത്യശാസനം ഗൗരവമായി കാണുക. അതിനുശേഷം ഉണ്ടാകുന്ന അനാവശ്യ പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങളുടെ കൈകളിൽ മാത്രമായിരിക്കും,” ജോയിന്റ് ട്രൈബ്സ് കൗൺസിൽ മണിപ്പൂരിന്റെ നാല് സീനിയർ അംഗങ്ങൾ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് സുരക്ഷാ സേനയും പോലീസും കാങ്പോക്പിയിലെ കാടുകളിൽ തെരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ഡ്രോണുകൾ അടക്കം ഉപയോഗിച്ചായിരുന്നു പരിശോധന. നാല് കുട്ടികളുടെ പിതാവായ അജിൻപൗ, ഭാര്യയോടൊപ്പം മാകുയി 1 ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
2023 മെയ് മാസം മുതൽ മണിപ്പൂരിൽ നടന്നുനൽകുന്ന വംശീയ കലാപങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 60,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും കുറഞ്ഞത് 320 പേരുടെ ജീവനെടുക്കുകയും ചെയ്തു.
ഒക്ടോബർ 10-ന് രാവിലെ 7 മണിയോടെ, ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ നാല് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. വെടിവെപ്പുകളിൽ കംജോങ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിലായി ഒമ്പതോളം പേരാണ് വെള്ളിയാഴ്ചയും ശനിയാഴ്ചുമായി കൊല്ലപ്പെട്ടത്.
ശേഷം ഉച്ചയ്ക്ക് 3 മണിയോടെ, അജിൻപൗവിന്റെ വേർപെടുത്തപ്പെട്ട തല കാണിക്കുന്ന 11 സെക്കൻഡ് ദൈർഘ്യമേറിയ ഒരു വീഡിയോ വാട്സാപ്പിൽ വൈറലായിരുന്നു. തല വീണ്ടെടുത്തതോടെ, തൽക്കാലത്തേക്ക് വലിയൊരു സംഘർഷം ഒഴിവാക്കപ്പെട്ട ആശ്വാസത്തിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.