റമ്മി കളിക്കാൻ പണമില്ല; മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷത്തിലേറെ തട്ടിയ പൊലീസുകാരൻ പിടിയിൽ
തിരുവനന്തപുരം: റമ്മി കളിക്കാനുള്ള പണത്തിനുവേണ്ടി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷനിലെ അഖില് രാജ് എന്ന വൊലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. കുടുംബത്തോടൊപ്പം ചേർന്ന് പല ഘട്ടങ്ങളിലായി ബാങ്കിൽനിന്ന് അഖില് രാജ് അര ലക്ഷത്തിലേറെ തട്ടിയെന്നാണ് കേസ്. ആകെ 52,89,000 രൂപയുടെ തട്ടിപ്പാണ് നടത്തിയത്. അഖില് രാജിന്റെ ഭാര്യ അനഘ, അമ്മ എന്നിവർ കൂട്ടുപ്രതികളാണ്. കാനറ ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തട്ടിയെടുത്ത പണം റമ്മി കളിക്കാനാണ് അഖില് ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരം റമ്മികളിക്കാറുണ്ടായിരുന്ന അഖിലിന് പണം മതിയാകാതായപ്പോഴാണ് കുടുംബത്തെയും കൂട്ടി മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ അപ്രൈസറിനെ സ്വാധീനിച്ച് സ്വര്ണമാണെന്ന് സാക്ഷ്യപ്പെടുത്തി മുക്കുപണ്ടം പണയപ്പെടുത്തുകയായിരുന്നു.
നാലാഞ്ചിറയിലെ കാനറ ബാങ്കില് വിവിധ ദിവസങ്ങളിലായാണ് പണയംവച്ചത്. കഴിഞ്ഞ മാര്ച്ചിൽ 18 ലക്ഷം രൂപയും ജൂലായില് 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയുമാണ് കൈപ്പറ്റിയിരുന്നത്. പിന്നീട് ബാങ്കിൽ നടത്തിയ പരിശോധയിലാണ് അധികൃതര് തട്ടിപ്പ് നടന്നതായി അറിയുന്നത്. തുടര്ന്ന് ബേങ്ക് മാനേജര് മണ്ണന്തല പൊലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് വൻതട്ടിപ്പ് പുറത്തറിയുന്നത്. കേസിൽ ഒക്ടോബർ ആറിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.