വിനു, ജിനീഷ്
പട്ടിമറ്റം: പട്ടിമറ്റം ചെങ്ങരയിലെ റബർതോട്ടത്തിൽ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയെ (ജോൺ-53) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാടിയിൽ വിനു (38), വി.കെ. ജിനീഷ് (34) എന്നിവരെയാണ് കുറ്റകരമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ മുതൽ മൂവരും മദ്യലഹരിയിലായിരുന്നുവെന്നും വൈകീട്ട് വീണ്ടും മദ്യപിക്കുന്നതിനായി ചെങ്ങരയിലെ ആളൊഴിഞ്ഞ റബർതോട്ടത്തിലെത്തിയപ്പോഴാണ് സംഭവമെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളില്ലാത്ത ജിജോയെ അതിന്റെ പേരിൽ ആക്ഷേപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് തള്ളിയിട്ടപ്പോൾ ജിജോ റബർ മരത്തിൽ തലയിടിച്ച് വീണതായാണ് പ്രതികൾ മൊഴി നൽകിയത്.
ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ജിജോയെ ആശുപത്രിയിലെത്തിക്കാതെ സമീപത്തെ ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയ ശേഷം പ്രതികൾ മടങ്ങിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പിന്നീട് രാത്രി മൂന്ന് തവണ സ്ഥലത്തെത്തി ജിജോക്ക് ബോധം വന്നോ എന്ന് പരിശോധിച്ചെങ്കിലും ചികിത്സ ലഭ്യമാക്കാൻ തയാറായില്ലെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ജിജോയെ റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, കളമശേരി സഹകരണ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ജിജോയുടെ തലക്ക് ഗുരുതര പരിക്കേറ്റതായും തലച്ചോറിൽ അമിത രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ മൊഴികളിൽ വൈരുധ്യമുണ്ടായതും അന്വേഷണത്തിന് വഴിത്തിരിവായി. ജിജോ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടിരുന്നതായി ആദ്യം മൊഴി നൽകിയിരുന്നെങ്കിലും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജിജോയും സുഹൃത്തുക്കളും ഒരുമിച്ചല്ല റബർതോട്ടത്തിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ഇതോടെ സംശയം ശക്തമാവുകയും ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. തലക്കേറ്റ പരിക്കിനെ തുടർന്നുണ്ടായ രക്തസ്രാവം സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കിൽ തടയാൻ കഴിയുമായിരുന്നുവെന്നും ചികിത്സ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.