മനോജ്, അനീഷ് കുമാർ, താരേഷ്, മനു
പത്തനംതിട്ട: മെഴുവേലി സ്വദേശിയായ യുവാവിനെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ നാലുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി പ്ലാംതോട്ടം കല്ലൻ മോഡി, മനോജ് ഭവനം വീട്ടിൽ മനു (30), ഇദ്ദേഹത്തിന്റെ സഹോദരൻമാരായ താരേഷ് (32), മനോജ് (25), മെഴുവേലി പ്ലാംതോട്ടം കൈപ്പുഴ നോർത്ത് പുത്തൻവീട്ടിൽ എസ്. അനീഷ് കുമാർ (41) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മെഴുവേലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളും പരാതിക്കാരനായ യുവാവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലമാണ് അഞ്ച് പ്രതികൾ ചേർന്ന് മെഴുവേലി സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും ഉൾപ്പെടെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പ്രതികൾ യുവാവിന്റെ വീട്ടിൽ കൂട്ടിലിട്ടു വളർത്തിയിരുന്ന പട്ടികളെയും ഉപദ്രവിച്ചു. വീട്ടുമുറ്റത്ത് കിടന്ന കാറിനും കേടുവരുത്തി. ഇലവുംതിട്ട ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനീഷ് കരിമിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, സീനിയർ സി.പി.ഒമാരായ ശ്രീരാജ്, ധനൂപ്, സി.പി.ഒമാരായ ധീരജ്, ശരത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെല്ലാവരും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ഇലവുംതിട്ട എസ്.എച്ച്.ഒ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.