അ​ൻ​സാ​ർ

വൈവാഹിക സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ: സ്ത്രീകളെ ചതിച്ച് പണം തട്ടുന്നയാൾ അറസ്റ്റിൽ

പത്തനംതിട്ട: വൈവാഹിക സൈറ്റുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം, കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40)നെയാണ് പത്തനംതിട്ട സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു.

സമൂഹ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകൾ ഉപയോഗിച്ച് പ്രതി വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യത്തിന് അൻസാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐ നിഥിൻ, എ.എസ്.ഐ സുരേഷ്, സി.പി.ഒ അരുൺ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - വൈവാഹിക സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ: സ്ത്രീകളെ ചതിച്ച് പണം തട്ടുന്നയാൾ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.