കുന്ദമംഗലം : കാരന്തൂർ മർകസിന് സമീപം ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ12 കിലോ കഞ്ചാവ് കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ദേശീയ പാതക്കരികിൽ കഞ്ചാവ് കണ്ടെത്തിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ രണ്ട് കിലോ വീതം ആറ് പാക്കറ്റുകളിലാക്കിയ കഞ്ചാവ് പ്രത്യേക ചാക്കുകളിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിലയിരുന്നു ഉണ്ടായിരുന്നത്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. കിരണിന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ സി.പി. ജാബിറിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ വിവേക്, എസ്.സി.പി.ഒ ബിജീഷ്, എസ്.സി.പി.ഒമാരായ ശ്യാം രാജ്, അരുൺ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവർ ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ വിശദാന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പരിസരത്തെ സി.സി.ടി.വികൾ വിശദ പരിശോധന നടത്തുമെന്നും കഞ്ചാവ് സംഘങ്ങൾ വിൽപന നടത്തുമ്പോൾ ഉപേക്ഷിച്ചതാണോ എന്നും പരിശോധിക്കുമെന്ന് എസ്.ഐ ജാബിർ പറഞ്ഞു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മരുന്ന് പരിശോധനകൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ട് വന്ന ലഹരി മരുന്ന് പൊലീസ് പട്രോളിങ് കണ്ട് ഉപേക്ഷിച്ചതാണോ എന്നു സംശയിക്കുന്നതായും കഞ്ചാവ് ഒളിപ്പിച്ചവരെ വിശദമായ അനേഷണം നടത്തി ഉടൻ കണ്ടെത്തുമെന്നും മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസി. കമീഷണർ പ്രമോദ് അറിയിച്ചു.
വടകര: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിന് ചുവട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 4.5 കിലോ കഞ്ചാവ് കണ്ടെടുത്തു. വടകര സർക്കിൾ എക്സൈസും ആർ.പി.എഫും ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്ന് കളത്തതാണെന്ന് സംശയിക്കുന്നു. ബാഗിൽ സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.