ഹൈദരാബാദിൽ പരീക്ഷക്കിടെ മാസ് കോപ്പിയടി; മൈക്രോചിപ്പും ബ്ലൂടൂത്തുമായി 11പേർ പിടിയിൽ

ഹൈദരാബാദ്: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ (CSIR-IICT) ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിൽ അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കൂട്ടക്കൊപ്പിയടി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 11 ഉദ്യോഗാർഥികളെ നാച്ചാരം പൊലീസ് അറസ്റ്റ് ചെയ്തു.

മൾട്ടി-ടാസ്കിങ് സ്റ്റാഫ് (MTS), അറ്റൻഡർ, ക്ലർക്ക്, ഹെഡ് കുക്ക് തുടങ്ങിയ നാലാം ക്ലാസ് തസ്തികകളിലേക്ക് ഞായറാഴ്ച (മേയ് 17) നടന്ന രേഖാമൂലമുള്ള പരീക്ഷക്കിടെയാണ് സംഭവം. മുമ്പ് നടന്ന ട്രേഡ് ടെസ്റ്റിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായാണ് ഹൈദരാബാദിലെ നാച്ചാരത്തുള്ള സെന്റ് പയസ് ഡിഗ്രി കോളജിൽ പരീക്ഷാ കേന്ദ്രം ഒരുക്കിയിരുന്നത്.

പരീക്ഷാ കേന്ദ്രത്തിൽ ചില ഉദ്യോഗാർഥികൾ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാച്ചാരം പൊലീസ് പരീക്ഷാ കേന്ദ്രത്തിൽ എത്തി നടത്തിയ കർശനമായ പരിശോധനയിലാണ് 11 പേർ കുടുങ്ങിയത്.

ഇൻവിജിലേറ്റർമാരുടെ കണ്ണുവെട്ടിക്കാൻ ഉദ്യോഗാർഥികൾ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കമ്മ്യൂണിക്കേഷൻ ഡിവൈസുകൾ കണ്ടെത്തിയത്. ഉത്തരങ്ങൾ പുറത്തുനിന്ന് ചോർത്തി നൽകാൻ സഹായിക്കുന്ന മൈക്രോചിപ്പ് അധിഷ്ഠിത ഗാഡ്‌ജെറ്റുകളും ചെറു ബ്ലൂടൂത്ത് ഉപകരണങ്ങളും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. തുടർന്ന് ഇവരെ പരീക്ഷാ ഹാളിൽ വെച്ചുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ശക്തമായ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് എങ്ങനെയാണ് ഇത്രയും വിപുലമായ രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ എത്തിച്ചത് എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഈ തട്ടിപ്പിന് പിന്നിൽ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ പരീക്ഷാ മാഫിയയോ സംഘങ്ങളോ ഉണ്ടോയെന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കുന്നത്.

മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലൂടൂത്ത് ഇയർപീസുകൾ ഉപയോഗിച്ച് നടന്ന മത്സരപ്പരീക്ഷാ തട്ടിപ്പുകൾക്ക് സമാനമായ രീതിയാണിതെന്നും ഇതിന് പിന്നിൽ ഒരു 'പാൻ-ഇന്ത്യൻ' ഗാങ് ഉണ്ടോയെന്ന് കണ്ടെത്താൻ വിപുലമായ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സർക്കാർ ജോലി ലക്ഷ്യമിട്ട് പരീക്ഷ എഴുതിയ മറ്റ് ഉദ്യോഗാർഥികൾക്കിടയിൽ ഈ സംഭവം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.

Tags:    
News Summary - 11 Candidates Arrested For Alleged Mass Copying In CSIR-IICT Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.