സജ്ഞു, ശരണ്യ
കളമശേരി സ്പാ കൂട്ടബലാത്സംഗ കേസ്: മുഖ്യകണ്ണി ശരണ്യ; സ്പായിലെ ജോലിക്കെത്തി ആദ്യം ഇരയായി, പിന്നീട് കുറ്റകൃത്യങ്ങളിൽ പങ്കാളിയായി
കൊച്ചി: കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ നിർണായക വഴിതിരിവ്. കേസിൽ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യകണ്ണിയായ ആലപ്പുഴ സ്വദേശി ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ശ്രീരാഗ് നേതൃത്വം നൽകുന്ന സംഘത്തിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിക്കുന്നത് ശരണ്യയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സ്പാകളിലേക്ക് പുതിയ സ്ത്രീകളെ കണ്ടെത്തുന്നതും ഫോണിലൂടെ ബന്ധപ്പെടുന്നതും ശരണ്യയാണ്. ഇവർക്ക് പല രീതിയിലുള്ള നിർദേശങ്ങൾ നൽകുന്നതും ശരണ്യയാണെന്ന് പൊലീസ് പറയുന്നു. സ്പായിലെ ജോലിക്കെത്തി ആദ്യം ഇരയാക്കപ്പെടുകയായിരുന്നു ശരണ്യ.
പിന്നീട് ശ്രീരാമുമായുള്ള അടുത്ത ബന്ധത്തിലൂടെ ശരണ്യയും കുറ്റകൃത്യങ്ങളിൽ പങ്കാളിയായി. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ശരണ്യ നിയന്ത്രണം വിട്ടു പെരുമാറുമെന്നും, തന്നെ ഏറ്റവുമധികം ഉപദ്രവിച്ചത് ശരണ്യയാണെന്നുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പൊലീസിന് നൽകിയ മൊഴി.
കൊച്ചിയിലെ സ്പാകളിലേക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്നത് ഒന്നാം പ്രതി ശ്രീരാഗ് ആണ്. സ്പാകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്ന ഇയാൾ, ഇതിനായി സ്പാ ഉടമകളിൽനിന്ന് പണം ഈടാക്കാറുണ്ടായിരുന്നു. രണ്ട് ലഹരി കേസുകളിലും യുവതികളോട് അപമര്യാദയായി പെരുമാറിയ കേസിലും ഇയാൾ പ്രതിയാണ്.
കേസിലെ മൂന്നാം പ്രതിയായ ജിത്ത് മാർട്ടിൻ നേരത്തെ അറസ്റ്റിലായിരുന്നു. ശരണ്യക്കൊപ്പം അറസ്റ്റിലായ നാലാം പ്രതി സഞ്ജയ്, അതിജീവിത മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ആളാണ്.
കുറ്റകൃത്യങ്ങൾ നടന്ന ലോഡ്ജിന്റെ മുകളിലത്തെ മുറിയിലും, യുവതിയെ ആദ്യം ഇന്റർവ്യൂവിന് ക്ഷണിച്ച ‘ഡിലൈറ്റ് സ്പാ’ ലേക്കും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ലോഡ്ജിന്റെ മുകൾ നിലയിലെ മുറിയിലാണ് ലഹരി മരുന്ന് നൽകിയ ശേഷം ഒരു രാത്രി മുഴുവൻ യുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്.
അതിക്രമം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്ത നിലയിലാണെന്നും, ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ഊർജിതമായ ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതുവഴി ലോഡ്ജിൽ എത്തിയിരുന്ന മറ്റെരാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.