സിനഗോഗ് തീവെപ്പ്; പ്രതി എബിൻ യൂസ്ഡ് കാര് ഷോറൂം ആക്രമണം നടത്തിയത് പരിശീലനത്തിനെന്ന് മൊഴി
കൊച്ചി: എറണാകുളത്തെ സിനഗോഗ് ആക്രമണ കേസ് പ്രതി എബിന് മൂവാറ്റുപുഴയിലെ യൂസ്ഡ് കാര് ഷോറൂമിന് നേരെ തീയിട്ടത് പരിശീലനത്തിന്റെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തൽ. ആക്രമണ സമയത്ത് പകർത്തിയ ദൃശ്യങ്ങൾ അജ്ഞാതനായ ബോസിന് അയച്ചുകൊടുത്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധമെന്ന സംശയത്തില് എബിന് പോളിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ രാജ്യാന്തര ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ യു.എ.പി.എ ഉൾപ്പെടെയുള്ള നിയമവകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിച്ചേക്കും.
ആക്രമണം ആസൂത്രണത്തിനു മുമ്പ് ആയുധങ്ങള് സംബന്ധിച്ച് ഇന്റര്നെറ്റിലും മറ്റും തിരഞ്ഞതായും അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. എബിന്റെ ടെലഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും വിവരങ്ങൾ ആവശ്യപ്പെട്ട് ടെലഗ്രാമിന് കത്തയച്ചതായും അന്വേഷണസംഘം വ്യക്തമാക്കി.
‘ബോസ്’ എന്നറിയപ്പെടുന്ന അജ്ഞാത വ്യക്തിയുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് എബിൻ മൊഴി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ആ ‘ബോസ്’ ആരാണെന്ന് അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളിലേക്ക് എത്തുന്നതിനായി എബിന്റെ ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണ നടത്തിവരികയാണ്.
ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എബിനിൽനിന്ന് വിവിധ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും ഓൺലൈൻ വഴി വൻതോതിൽ ലഹരിവസ്തുക്കളുടെ ഇടപാടുകൾ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഒരു മാസം മുമ്പാണ് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവം. തുടർന്ന്, കൊച്ചിയിലെ കടവുഭാഗം ജൂത സിനഗോഗിന് നേരെ 2026 ഒക്ടോബർ 12ന് തീവെപ്പ് ശ്രമം നടത്തുകയായിരുന്നു. കൊച്ചി എറണാകുളം മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രപ്രസിദ്ധമായ സിനഗോഗിന് മുന്നിലുള്ള നഴ്സറിയിലേക്കാണ് പെട്രോൾ ഒഴിച്ച് തീയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.