മിനി കൂപ്പർ അപകടം; സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നത് താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം, ഒരു ബാറിൽ മാത്രം ചെലവിട്ടത് 4000ത്തോളം രൂപ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിലുണ്ടായിരുന്നത് താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം. പൊലീസിന് നൽകിയ സുഹൈലിന്റെ രക്തസാമ്പിളടക്കമുള്ള വിശദമായ പരിശോധനാഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 30 മി.ഗ്രാം ആണ് ശരീരത്തില് അനുവദനീയമായ അളവെങ്കില് സുഹൈലിന്റെ ശരീരത്തില് ഇതിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണല് കെമിക്കല് എക്സാമിനേഷന് ലാബോറട്ടറിയാണ് പരിശോധന നടത്തിയത്.
നെടുമ്പാശ്ശേരിയിലെ ബാറില് മാത്രം മദ്യം കഴിക്കാന് ചെലവിട്ടത് 4,396 രൂപയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. കൂടാതെ, സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടിയിലേക്ക് മോട്ടോര് വാഹന വകുപ്പും കടന്നു.
കസ്റ്റഡി കാലാവധി പൂര്ത്തിയായതിനാൽ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യും. സുഹൈലിന് മദ്യം നല്കിയതുമായി ബന്ധപ്പെട്ട് ബാറുകള്ക്കെതിരായ കേസെടുത്തതുൾപ്പെടെ നടപടികൾ അവസാനഘട്ടത്തിലാണ്. സുഹൈലിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. റിപ്പോര്ട്ട് രണ്ട് ദിവസത്തിനകം നല്കും.
അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല് പ്രതി മദ്യലഹരിയിലായിരുന്നു. ഉച്ച സമയത്ത് വൈറ്റിലയിലെ ദയാ ബാറിലും വൈകീട്ടോടെ പാലാരിവട്ടത്തെ മണ്സൂണ് എംപ്രസ് ബാര് ഹോട്ടലിലും വെച്ച് പ്രതി മദ്യപിച്ചിരുന്നു. പിന്നീട് രാത്രിയിൽ നെടുമ്പാശേരിയിലെ കോര്ട്ട് യാർഡ് ബൈ മാരിയറ്റ് ബാര് ഹോട്ടലിൽനിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്റെയും മദ്യപിച്ചതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ എക്സൈസ് വകുപ്പിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.