നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മാലേഗാവ് കോടതി
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മാലേഗാവ് കോടതി. ഡോംഗ്രാലെ ഗ്രാമത്തിൽ 2025 നവംബറിൽ നടന്ന സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിജയ് ഖൈർനാറിനാണ് കോടതി വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് പരമാവധി ശിക്ഷ നൽകുകയായിരുന്നു.
കുറ്റകൃത്യത്തിന്റെ ക്രൂരതയും പ്രതിയുടെ പങ്ക് തെളിയിക്കുന്ന സാഹചര്യത്തെളിവുകളും പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം പറഞ്ഞു. വിചാരണക്കിടെ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചതായും 225 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയുടെ ദാരിദ്ര്യവും നിരക്ഷരതയും ശിക്ഷയിൽ ഇളവ് നൽകാനുള്ള കാരണങ്ങളായി കോടതി പരിഗണിച്ചില്ലെന്നും നികം പറഞ്ഞു. ബോംബെ ഹൈകോടതിയും സുപ്രീംകോടതിയും അപ്പീൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. മാലേഗാവ് താലൂക്കിലെ ഡോംഗ്രാലെ ഗ്രാമത്തിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൊബൈൽ ടവറിന് സമീപത്തെ ഓടയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് വിജയ് ഖൈർനാറിനെതിരായ പ്രോസിക്യൂഷൻ കേസ്. പ്രദേശവാസിയും ദിവസവേതന തൊഴിലാളിയുമായ പ്രതിയെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് നേരിട്ടുള്ള ദൃക്സാക്ഷികളോ സി.സി.ടി.വി ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും സാഹചര്യത്തെളിവുകൾ, ഡി.എൻ.എ പരിശോധനാഫലം, മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് അവതരിപ്പിച്ചത്. 2026 ജനുവരി 26ന് കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ അതിവേഗ കോടതിയിലാണ് നടന്നത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ച കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയും വെള്ളിയാഴ്ച വധശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാൽ, നിയമപ്രകാരം ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ബോംബെ ഹൈകോടതിയുടെ സ്ഥിരീകരണം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.