അങ്കൂർ പട്ടേൽ

പുതിയ ബന്ധം ഉപേക്ഷിച്ച് തിരിച്ചുവരാൻ വിസമ്മതിച്ചു; ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യൻ വംശജൻ യു.എസ് പൊലീസിന്റെ പിടിയിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലായത്. അമേരിക്കയിലെ വിസ്കോൺസിനിൽ താമസിച്ചിരുന്ന അങ്കൂർ പട്ടേലാണ് (31) അറസ്റ്റിലായത്. 32-കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. ചിക്കാഗോയിലെ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്.

അങ്കൂർ പട്ടേലും ഭാര്യയും തമ്മിൽ മാസങ്ങളായി അകൽച്ചയിലായിരുന്നു. മെയിൽ വിസ്കോൺസിനിലെ വീട് ഉപേക്ഷിച്ച് ലൂസിയാനയിലേക്ക് മാറിയ ഭാര്യ, അവിടെ വെച്ച് മുൻ സഹപ്രവർത്തകനുമായി പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഇവരുടെ മകൾ അങ്കൂറിനൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ, അങ്കൂർ മകളെ അമ്മയുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനിടെ ഒരവസരം ഉണ്ടാക്കി ഭാര്യയെ അങ്കൂർ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയോട് സംസാരിക്കാമെന്ന വ്യാജേനയാണ് ഇയാൾ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

അതേസമയം, കുട്ടിയെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ചിക്കാഗോയിലെ അങ്കൂറിന്റെ അപ്പാർട്ട്മെന്റിലെത്തിയ ഭാര്യക്ക് കുട്ടിയെ കാണാൻ സാധിച്ചില്ല. കുട്ടി വീട്ടിലില്ലെന്ന് മനസ്സിലായതോടെ അങ്കൂറുമായി തർക്കമുണ്ടാവുകയും പുതിയ ബന്ധം ഉപേക്ഷിച്ച് തിരികെ വരണമെന്ന് അങ്കൂർ ഭാര്യയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, അതിന് സാധ്യമല്ലെന്ന് പറഞ്ഞതോടെ അങ്കൂർ കത്തിയെടുത്ത് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരമായിട്ടും യുവതി തിരികെ വരാതായതോടെ പങ്കാളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അങ്കുർ പുതിയ വസ്ത്രങ്ങളും വാങ്ങി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. ടിക്കറ്റ് കൗണ്ടർ അടച്ചതിനാൽ അന്ന് ഇന്ത്യയിലേക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഇയാൾ, അടുത്തദിവസം ടിക്കറ്റെടുത്ത് വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്താൻ താൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നില്ലെന്നും എന്നാൽ, തന്നോടൊപ്പം തിരിച്ചുവരാൻ വിസമ്മതിച്ച് പുതിയ പങ്കാളിക്കൊപ്പം ജീവിക്കുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നും അങ്കൂർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

Tags:    
News Summary - Indian-Origin Man Arrested in US for Allegedly Stabbing Wife to Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.