കാലിക്കറ്റ് ഡിഗ്രി ഏകജാലക രജിസ്ട്രേഷന്‍ 14ന് തുടങ്ങും; അപേക്ഷ 31വരെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഡിഗ്രി ഏകജാലക പ്രവേശത്തിനുള്ള രജിസ്ട്രേഷന്‍ മേയ് 14ന് ആരംഭിക്കും. മേയ് 31വരെ അപേക്ഷ സ്വീകരിക്കും. 
ജൂലൈ 31നാണ് ക്ളാസ് ആരംഭിക്കുക. പ്ളസ് ടു ഫലം മേയ് 12ന് പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിലാണ് 14ന് ഏകജാലക രജിസ്ട്രേഷന്‍ തുടങ്ങുന്നത്. വെബ്സൈറ്റില്‍ 14ന് രാവിലെ മാര്‍ക്ലിസ്റ്റ് ലഭ്യമായിട്ടില്ളെങ്കില്‍ ഏകജാലക രജിസ്ട്രേഷന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 18ന് നടത്താനും വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ യോഗം തീരുമാനിച്ചു. ഏകജാലക അപേക്ഷയില്‍ യോഗ്യതാപരീക്ഷയായ പ്ളസ് ടു രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ മാര്‍ക്ക് തെളിഞ്ഞുവരുന്ന തരത്തിലാണ് സോഫ്റ്റ്വെയര്‍. 14ന് രാവിലെ മാര്‍ക്ലിസ്റ്റ് ലഭ്യമാവുമെന്ന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ ഉറപ്പിലാണ് രജിസ്ട്രേഷന്‍ തീയതി നിശ്ചയിച്ചത്. 
അവസാനതീയതിക്കുശേഷമുള്ള അപേക്ഷക്ക് 250 രൂപ പിഴയീടാക്കാനും യോഗം തീരുമാനിച്ചു. 500 രൂപ സൂപ്പര്‍ ഫൈനോട് കൂടി ക്ളാസ് തുടങ്ങുന്ന തീയതി വരെ (സീറ്റൊഴിവുണ്ടെങ്കില്‍) അപേക്ഷിക്കാനും സൗകര്യമൊരുക്കും. പിഴയോടുകൂടി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന പതിവ് നിലവില്‍ സര്‍വകലാശാലയിലില്ല. സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ അഞ്ച് അലോട്ട്മെന്‍റുകളാണ് നടത്തുക. അഞ്ചാം അലോട്ട്മെന്‍റിനുശേഷം വരുന്ന ഒഴിവുകളില്‍ പ്രത്യേക അലോട്ട്മെന്‍റുണ്ടാകും. ജൂണ്‍ രണ്ടാംവാരത്തിലാകും ട്രയല്‍ അലോട്ട്മെന്‍റ്. യോഗത്തില്‍  വി.സി ഡോ. പി. മോഹന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ.എം. നസീര്‍, ഡോ. ടി.പി. അഹമ്മദ്, കെ. വിശ്വനാഥ്, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, പ്രവേശപരീക്ഷാ ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, കമ്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്ടര്‍ വി.ടി. മധു എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.