ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസ് പരിഷ്കരിച്ച് എൻ.‌സി‌.ആർ‌.ടി; ഇനിമുതൽ ഒറ്റ പുസ്തകം

ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് പാഠ്യപദ്ധതി ലഘൂകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നായി കുറച്ചു. നിലവിലുണ്ടായിരുന്ന 'ബീഹൈവ്', 'മൊമെന്റ്സ്'എന്നീ പുസ്തകങ്ങൾക്ക് പകരമായി 'കാവേരി' എന്ന ഒറ്റ പുസ്തകമാണ് ഇനിമുതൽ ഉപയോഗിക്കുക. പാഠഭാഗങ്ങളുടെ എണ്ണം 29ൽ നിന്ന് 16 ആയും കുറച്ചിട്ടുണ്ട്. 2026-27 അധ്യയന വർഷം മുതൽ ഈ പുതിയ പാഠപുസ്തകം നിലവിൽ വരും.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF-SE) 2023 എന്നിവക്ക് അനുസൃതമായാണ് പുതിയ പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്. കുട്ടികൾക്ക് ഭാരതീയമായ മൂല്യങ്ങളും പൈതൃകവും ചെറുപ്പം മുതലേ പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പഴയ രണ്ട് പുസ്തകങ്ങളിലായി 29 പാഠങ്ങളുണ്ടായിരുന്നത് കുട്ടികൾക്ക് അമിതഭാരമാണെന്ന വിലയിരുത്തൽ എൻ.സി.ഇ.ആർ.ടിക്കുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പാഠഭാഗങ്ങളുടെ എണ്ണം 29ൽ നിന്ന് 16 ആയി കുറച്ചത്.

സുധാ മൂർത്തിയുടെ 'ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ ടു റീഡ്' എന്ന പുസ്തകത്തിൽ നിന്നുള്ള കഥയാണ് പുതിയ പാഠപുസ്തകത്തിന്റെ തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുബ്രഹ്മണ്യ ഭാരതി, രബീന്ദ്രനാഥ ടാഗോർ, തെംസുല ആവോ, മിത്ര ഫുകാൻ തുടങ്ങിയ പ്രശസ്തരായ ഇന്ത്യൻ എഴുത്തുകാരുടെയും, ബ്രയാന ടി. പെർക്കിൻസ്, ഐറിൻ ചുവ, ഡേവിഡ് റോത്ത് തുടങ്ങിയ വിദേശ എഴുത്തുകാരുടെയും രചനകളും ഇതിലുണ്ട്.

ഇന്ത്യൻ പൈതൃകവും മൂല്യങ്ങളും ഉൾക്കൊള്ളുന്ന രചനകൾക്ക് ഇതിൽ മുൻഗണന നൽകിയിട്ടുണ്ട്. പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കുമായുള്ള അഭിമുഖം, തൊഴിലിന്റെ മഹത്വത്തെക്കുറിച്ചുള്ള കഥകൾ, സാമൂഹിക-പരിസ്ഥിതി വിഷയങ്ങൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒൻപതാം ക്ലാസ് സയൻസ് പാഠ്യപദ്ധതിയിലും മാറ്റങ്ങൾ വരുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എർത്ത് സയൻസ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ രീതിയാണ് എൻ.സി.ഇ.ആർ.ടി ആസൂത്രണം ചെയ്യുന്നത്. എന്നാൽ, ഇത് സി.ബി.എസ്.ഇയുടെ അംഗീകാരത്തിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ. പുതിയ പാഠപുസ്തകം ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. എൻ.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പി.ഡി.എഫ് രൂപത്തിൽ ഇത് ഉടൻ ലഭ്യമാകുമെന്നാണ് അധികൃതർ പറയുന്നത്.

Tags:    
News Summary - NCERT Revamps Class 9 English Syllabus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.