ശാസ്ത്രം പഠിക്കാന്‍ സ്കോളര്‍ഷിപ്പുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍

കേന്ദ്ര-ശാസ്ത്ര സാങ്കേതികവകുപ്പ് സമര്‍ഥരായ പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. 2017 ജനുവരി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. ‘സ്കോളര്‍ഷിപ് ഫോര്‍ ഹയര്‍ എജുക്കേഷന്‍’ 2016ല്‍ 12ാം ക്ളാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വര്‍ഷംതോറും 10,000 സ്കോളര്‍ഷിപ്പുകളാണ് ലഭ്യമായിട്ടുള്ളത്. ഇന്ത്യയിലെ അംഗീകൃത വാഴ്സിറ്റി/കോളജ്/സ്ഥാപനങ്ങളില്‍ നാച്വറല്‍/അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ത്രിവത്സര ബി.എസ്സി, ബി.എസ്സി (ഓണേഴ്സ്), നാലുവര്‍ഷത്തെ ബാച്ലര്‍ ഓഫ് സയന്‍സ് (ബി.എസ്), പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം അപേക്ഷകര്‍. എന്‍ജിനീയറിങ്/മെഡിസിന്‍/ടെക്നോളജി/അപൈ്ളഡ് സയന്‍സ് മുതലായ കോഴ്സുകള്‍ ഈ സ്കോളര്‍ഷിപ് പദ്ധതിയുടെ പരിധിയില്‍പെടില്ല. ഈ കോഴ്സുകളില്‍ ഒന്നാംവര്‍ഷം പ്രവേശനം ലഭിച്ചിട്ടുള്ളവരെയാണ് പരിഗണിക്കപ്പെടുക. പ്ളസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക (കഴിഞ്ഞ തവണത്തെ കട്ട്ഓഫ് മാര്‍ക്ക് 96.7 ആണ്). ജെ.ഇ.ഇ-മെയിന്‍, അഡ്വാന്‍സ്ഡ്, നീറ്റ്/എ.ഐ.പി.എം.ടി മുതലായ ദേശീയതല മത്സരപരീക്ഷകളില്‍ പൊതുമെറിറ്റ് ലിസ്റ്റില്‍ ഉയര്‍ന്ന 10,000 റാങ്കിനുള്ളില്‍ ലഭിച്ച വിദ്യാര്‍ഥികളെയും പരിഗണിക്കും. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ) ഫെലോ, നാഷനല്‍ ടാലന്‍റ് സെര്‍ച് എക്സാമിനേഷന്‍ സ്കോളേഴ്സ്, ഇന്‍റര്‍നാഷനല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റ്, ജഗദീഷ് ബോസ് നാഷനല്‍ സയന്‍സ് സെര്‍ച് സ്കോളേഴ്സ് എന്നീ വിഭാഗങ്ങില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരമാവധി അഞ്ചുവര്‍ഷത്തേക്ക് സ്കോളര്‍ഷിപ് ലഭ്യമാകും. പഠിക്കുന്ന കോഴ്സുകള്‍ക്കനുസൃതമായിട്ടാവും സ്കോളര്‍ഷിപ് ലഭിക്കുക. പരീക്ഷകളിലെ മികവ് പരിഗണിച്ചാണ് വര്‍ഷംതോറും സ്കോളര്‍ഷിപ് തുടര്‍ന്നും അനുവദിക്കപ്പെടുക. അര്‍ഹരായവര്‍ക്ക് വര്‍ഷംതോറും സ്കോളര്‍ഷിപ് മൂല്യമായി 80,000 രൂപ വീതം ലഭിക്കും. ഇതില്‍ 20,000 രൂപ സമ്മര്‍ റിസര്‍ച് പ്രോജക്ടിന് വേണ്ടിയാണ് അനുവദിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വിഭാഗത്തില്‍പ്പെടുന്ന ഈ ‘ഇന്‍സ്പെയര്‍’ സ്കോളര്‍ഷിപ്പുകള്‍ ബിരുദ/ബിരുദാനന്തര തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫിയറിക് സയന്‍സ്, ഓഷ്യന്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുക. അപേക്ഷ ഓണ്‍ലൈനായി www.online-inspire.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.