പി.എം ശ്രീ ധാരണാപത്രം ഒപ്പുവെക്കാത്തതിനാൽ കേരളത്തിന് അർഹതപ്പെട്ട 1,500.27 കോടി രൂപ നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും-വി.ശിവൻകുട്ടി

തിരുവനന്തപുരം: പി.‌എം. പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾ പ്രകാരം കേരള സർക്കാരിന് അർഹതയുള്ള 1,500.27 കോടി രൂപയുടെ ധനസഹായം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ കേരളം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസ നയം 2020 ഔപചാരികമായി അംഗീകരിക്കാൻ നിർബന്ധിക്കുന്ന പി.‌എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിച്ചാണ് കേന്ദ്രം ധനസഹായം തടഞ്ഞുവെച്ചത്.

ഫെഡറൽ സ്വയംഭരണത്തിന്റെയും വിദ്യാഭ്യാസ നയ ഭിന്നതകളുടെയും അടിസ്ഥാനത്തിൽ കേരളം എൻ‌ഇ‌പിയോടുള്ള വിയോജിപ്പുകൾ അറിയിച്ചിട്ടുണ്ട്. എൻ‌.സി‌.ഇ‌.ആർ.‌ടി ജനറൽ കൗൺസിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിലും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾക്കിടയിലും, കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിച്ചിട്ടില്ല.

സുപ്രീം കോടതിയുടെ സമീപകാല വിധി ഈ വിഷയത്തെ മുൻനിർത്തിയുള്ള നിയമപരമായ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രണ്ട് തവണ ഫോണിൽ തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏകോപിതമായ നിയമ, നയ തന്ത്രങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ ഒരു സംയുക്ത യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Tags:    
News Summary - Will take legal action against the central government's decision to deny Kerala Rs 1,500.27 crore due to PM Shri not signing the MoU - V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.