ഹർഷ് കുമാർ പാണ്ഡെ


നിങ്ങളെന്താണവിടെ ചെയ്യുന്നത്​? വിദ്യാർഥി ആത്മഹത്യ പെരുകുന്നതിനിടെ ഖരക്പൂർ ഐ.ഐ.ടി അധികൃതരോട് ഒരു പിതാവിന്റെ ചോദ്യം

ലക്നോ: വിദ്യാർഥികൾ ജീവിനൊടുക്കുന്ന സംഭവങ്ങൾ നിരന്തരം വാർത്തകളിൽ നിറയുന്നതിനിടെ ഖരക്പൂർ ഐ.ഐ.ടി അധികൃതരോട് രോഷം കലർന്ന ചോദ്യവുമായി ഏറ്റവും ഒടുവിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ പിതാവ്. ‘ഐ.ഐ.ടി ഭരണകൂടം എന്തു ചെയ്യുകയാണ്? എത്രപേർ ഇനിയും ആത്മഹത്യ ചെയ്യണം? കാമ്പസിലെ മരണങ്ങൾ തടയാനുള്ള ഫലപ്രദമായ വഴികൾ അടിയന്തരമായി കൈകൊള്ളണം’-ഗവേഷക വിദ്യാർഥിയുടെ പിതാവ് മനോജ് കുമാർ പാണ്ഡെ പറഞ്ഞു.

ജാർഖണ്ഡ് റാഞ്ചി നിവാസിയായ ഹർഷ് കുമാർ പാണ്ഡെ (27)യെയാണ് ശനിയാഴ്ച ബി. ആർ അംബേദ്‌കർ ഹാളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് പി.എച്ച്.ഡി വിദ്യാർഥിയായിരുന്നു.

ഈ വർഷം കാമ്പസിൽ ഉണ്ടായ അഞ്ചാമത്തെ മരണമാണിത്. ജൂലൈ 21 ന് മധ്യപ്രദേശ് സ്വദേശി ഇലക്ട്രിക്കൽ എൻജിനീയറിംങിൽ രണ്ടാം വർഷ വിദ്യാർഥിയായ ചന്ദ്രദീപിനെയും ജൂലൈ 18 ന് നാലാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ റിതം മൊണ്ടലിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

‘എന്റെ മകൻ ഒരു അധ്യാപകനാകാൻ ആഗ്രഹിച്ചിരുന്നു. അതിനായി മെക്കാനിക്കൽ എൻജിനീയറിങിൽ ബി.ടെക്കും എം.ടെക്കും പൂർത്തിയാക്കിയ ശേഷം അവൻ ഐ.ഐ.ടി ഖരഗ്പൂരിൽ പിഎച്ച്.ഡി പ്രോഗ്രാമിൽ ചേർന്നു. നിലവിൽ, ഐ.ഐ.ടി ഖരഗ്പൂരിലെ ഭരണകൂടത്തിന് അവന്റെ മരണകാരണത്തെക്കുറിച്ചോ അതിന് ഉത്തരവാദികളായ വ്യക്തികളെക്കുറിച്ചോ എന്നെ അറിയിക്കാൻ കഴിയുന്നില്ല. കാമ്പസിൽ ഒന്നിലധികം മരണങ്ങൾ സംഭവിക്കുന്നത് തീർച്ചയായും ആശങ്കാജനകമാണ് -റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റേഡിയോ ഭൗതികശാസ്ത്രജ്ഞനായ മനോജ് പാണ്ഡെ പറഞ്ഞു.

ഹർഷിന്റെ മാതാപിതാക്കൾക്ക് മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.  തുടർന്നുള്ള അന്വേഷണത്തിൽ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയതായി കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും മുറി പൊളിച്ച് അകത്ത് കയറിയപ്പോൾ സീലിങ്ങിൽ തൂങ്ങിയ നിലയിൽ പാണ്ഡെയുടെ മൃതദേഹം കണ്ടുവെന്നുമാണ് പറയുന്നത്.

സംഭവം പരിശോധിക്കുന്നതിന് ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറയുന്നു. എന്താണ് സംഭവിച്ചതെന്നതിലേക്ക് വസ്തുതാന്വേഷണ സമിതി വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മനോജ് പാണ്ഡെ പറഞ്ഞു. എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പറയുന്നു.

കാമ്പസിൽ വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ അധികൃതർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അടുത്തിടെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചിരുന്നെന്നും ഐ.ഐ.ടി ഖരഗ്പൂർ ഡയറക്ടർ സുമൻ ചക്രവർത്തി പറഞ്ഞു.  ‘ഒരു പി.എച്ച്.ഡി വിദ്യാർഥി നടത്തേണ്ട 'കോംപ്രിഹെൻഷൻ' എന്ന പരീക്ഷയിൽ ഹർഷ് ഒരു വിഷയത്തിൽ പരാജയപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഒരു വിഷയത്തിൽ പരാജയപ്പെടുന്നത് സാധാരണമാണ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ യോഗ്യത നേടാനാകുന്ന രണ്ടാമത്തെ കോംപ്രിഹെൻഷൻ എഴുതാൻ അനുവാദമുണ്ട്. എന്നാൽ, വിദ്യാർഥി ഞങ്ങളുടെ കൗൺസിലിങ് സൗകര്യം സന്ദർശിച്ചതായി ഒരു രേഖയുമില്ല. എങ്കിലും ആ വിദ്യാർഥിക്ക് മാനസികാരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന് അത് അർഥമാക്കുന്നില്ല എന്നും ചക്രവർത്തി പറഞ്ഞു.

വിദ്യാർഥികളുടെ ക്ഷേമത്തിനായി ഒരു ഡീനെ നിയമിക്കുക, സൈക്യാട്രിസ്റ്റിനെ നിയമിക്കുക, മാതാപിതാക്കൾക്കായി ഇൻഡക്ഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക തുടങ്ങിയ നടപടികൾ ഞങ്ങൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്, കൂടാതെ മരണങ്ങൾ തടയാൻ സഹായിക്കുന്നതിന് വിദ്യാർഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാമുകൾ നടത്തുന്നു. 16,000 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ഒരു കാമ്പസിൽ ഞങ്ങളുടെ പ്രോഗ്രാമുകൾ പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ഞങ്ങൾ തുടരും -ചക്രവർത്തി പറഞ്ഞു.

Tags:    
News Summary - What are you doing here? A father's question to IIT Kharagpur authorities amid rising student suicides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.