തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ എണ്ണം വിലയിരുത്തിയും അതിനുള്ള കാരണം അന്വേഷിച്ചും ചാൻസലറായ ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവനിൽ വിളിച്ചുചേർത്ത സർവകലാശാല വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ ഗവർണർ തേടിയത്. കേരള, കാലിക്കറ്റ്, എം.ജി ഉൾപ്പെടെയുള്ള സർവകലാശാലകളിൽ അധ്യാപക ഒഴിവുകളുണ്ടെന്ന് വി.സിമാർ അറിയിച്ചു. ഇതിൽ മിക്കതിലും കോടതികളിൽ കേസ് നിലനിൽക്കുകയാണ്.
സംവരണക്രമം ഉൾപ്പെടെയുള്ള കേസുകളാണ് നിലവിലുള്ളതെന്നും വി.സിമാർ അറിയിച്ചു. സർവകലാശാലകളിൽ അക്കാദമിക് കലണ്ടർ നിലവിലുണ്ടോ എന്നത് സംബന്ധിച്ച വിശദാംശങ്ങളും ഗവർണർ തേടി. പരീക്ഷ നടത്തിപ്പ് കാര്യക്ഷമമാക്കണമെന്നും സമയബന്ധിതമായി പരീക്ഷകൾ പൂർത്തിയാക്കി വിദ്യാർഥികൾക്ക് യഥാസമയം ഫലം ലഭ്യമാക്കണമെന്നും ഗവർണർ നിർദേശിച്ചു. പുതിയ ഗവർണർ ചുമതലയേറ്റശേഷം രണ്ടാംതവണയാണ് വി.സിമാരുടെ യോഗം വിളിക്കുന്നത്. സർവകലാശാല സെനറ്റ് യോഗങ്ങളിൽ ഉൾപ്പെടെ ഗവർണർ പങ്കെടുക്കുന്നുമുണ്ട്. ചൊവ്വാഴ്ച രാവിലെ നടന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിലും ഗവർണർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.