എ.ഐ.സി.ടി.ഇ അനുമതി നൽകിയിട്ടും സർക്കാർ വിലക്ക്: വിദൂരവിദ്യാഭ്യാസ എം.ബി.എ അംഗീകാരം പുതുക്കാനാകാതെ കേരള സർവകലാശാല

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അനുമതി നൽകിയിട്ടും കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് എം.ബി.എ കോഴ്സിന്‍റെ അംഗീകാരം പുതുക്കാൻ സർക്കാർ വിലക്ക്.

ഓപൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കേരളത്തിൽ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന ഏക എം.ബി.എ കോഴ്സിന്‍റെ ഭാവി. കഴിഞ്ഞ വർഷം കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്‍റെ എം.ബി.എ കോഴ്സിന് യു.ജി.സി അംഗീകാരം ലഭിച്ചിരുന്നില്ല.റെഗുലേറ്ററി അതോറിറ്റിയായ എ.ഐ.സി.ടി.ഇയുടെ അനുമതി സഹിതം അപേക്ഷിക്കാനായിരുന്നു യു.ജി.സി നിർദേശിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം പുതുക്കുന്നതിന് യു.ജി.സിക്ക് അപേക്ഷ നൽകാൻ കഴിഞ്ഞ വർഷം വൈകിയാണ് സർക്കാർ അനുമതി നൽകിയത്. ഇതോടെ യു.ജി.സി ആവശ്യപ്പെട്ട എ.ഐ.സി.ടി.ഇ അനുമതി സഹിതം എം.ബി.എ കോഴ്സിന് അപേക്ഷിക്കാൻ സർവകലാശാലക്ക് സാധിച്ചിരുന്നില്ല.

ഈ വർഷം നേരത്തേതന്നെ എ.ഐ.സി.ടി.ഇയുടെ അനുമതി നേടിയ സർവകലാശാല എം.ബി.എ കോഴ്സിന്‍റെയും കഴിഞ്ഞ വർഷം അംഗീകാരം ലഭിക്കാതിരുന്ന ബി.എസ്സി മാത്സ്, ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളുടെയും അംഗീകാരം പുതുക്കിയെടുക്കാൻ സർക്കാർ അനുമതി തേടിയിരുന്നു. എന്നാൽ ഓപൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ മാതൃകയിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് വിലക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചിട്ടും കേരള സർവകലാശാലക്ക് എം.ബി.എ കോഴ്സിന് യു.ജി.സിയുടെ അംഗീകാരത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യവുമായി. 

Tags:    
News Summary - University of Kerala fails to renew MBA accreditation for distance education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.