സർവകലാശാലകൾ ഇനി മന്ത്രിക്ക് നേരിട്ട് ഭരിക്കാം; നിയമഭേദഗതി ബിൽ മൂന്നിന് നിയമസഭയിൽ

തിരുവനന്തപുരം: ചാൻസലറായ ഗവർണറുടെ അഭാവത്തിൽ മാത്രം സർവകലാശാലകളിൽ ഇടപെടാൻ അധികാരമുള്ള പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാലയിൽ നേരിട്ട് ഇടപെടാൻ അധികാരം നൽകി സർവകലാശാല നിയമഭേദഗതി ബിൽ. മാർച്ച് മൂന്നിന് അവതരിപ്പിക്കുന്ന ബില്ലിൽ മന്ത്രിക്ക് വിപുല അധികാരങ്ങൾ ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്.

നിലവിൽ സർവകലാശാല നിയമങ്ങളിൽ രണ്ട് വരിയിൽ ഒതുങ്ങുന്ന അധികാരം മാത്രമാണ് പ്രോ ചാൻസലറായ മന്ത്രിക്കുള്ളത്. സമീപകാലത്ത് സർക്കാറും ഗവർണറും തമ്മിൽ സർവകലാശാല കാര്യങ്ങളിലുണ്ടായ തുറന്ന പോരിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മന്ത്രിക്ക് നേരിട്ട് സർവകലാശാലയിൽ ഇടപെടാൻ വഴിയൊരുക്കുന്ന നിയമം കൊണ്ടുവരുന്നത്. സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരവും വിളിച്ചുവരുത്താൻ പ്രോ ചാൻസലർക്ക് അധികാരമുണ്ടായിരിക്കും. മന്ത്രിയുടെ നിർദേശം സർവകലാശാല പാലിക്കണം.

പ്രധാനപ്പെട്ടതെന്ന് കരുതുന്ന ഏത് കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ അധികാരികളുടെയോ ശ്രദ്ധയിൽപെടുത്തി ഉചിത നടപടി ആവശ്യപ്പെടാനും മന്ത്രിക്ക് അവകാശമുണ്ടാവും.

സർവകലാശാലയിലും കീഴിലുള്ള കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും സാമ്പത്തിക, ഭരണപരമായ കാര്യങ്ങൾ, പരീക്ഷ, അധ്യാപനം സംബന്ധിച്ച വിഷയങ്ങളിൽ സ്വന്തം നിലയിൽ നിർദേശിക്കുന്ന വ്യക്തികളെ നിയോഗിച്ച് അന്വേഷണം നടത്താനുള്ള അധികാരവും പ്രോ ചാൻസലർക്ക് നൽകുന്നു. ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലറായ മന്ത്രി പെങ്കടുക്കുന്നുെണ്ടങ്കിൽ സെനറ്റ് യോഗത്തിലും സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും അധ്യക്ഷത വഹിക്കാനുമാകും. ഇതിന് പുറമെ ചാൻസലർ ഏൽപിച്ചുകൊടുക്കുന്ന ഉത്തരവാദിത്തങ്ങളും പ്രോ ചാൻസലർക്കുണ്ടാകും.

1991ൽ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് സർവകലാശാല ഫയലുകൾ പരിശോധിക്കാൻ സർക്കാറിന് അധികാരം നൽകുന്ന നിയമഭേദഗതിക്ക് ശ്രമിച്ചപ്പോൾ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നുവെന്ന് ആക്ഷേപിച്ച് സി.പി.എം പ്രക്ഷോഭം നടത്തിയിരുന്നു. അതിനേക്കാൾ കൂടുതൽ അധികാരത്തോടെ സർവകലാശാലകൾ മന്ത്രിക്ക് നേരിട്ട് നിയന്ത്രിക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ നിയമഭേദഗതി.

വി.സിയുടെ അധികാരങ്ങളും കവരും

വൈസ് ചാൻസലറുടെ അധികാരങ്ങൾ കവരുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, യൂനിവേഴ്സിറ്റി യൂനിയൻ എന്നിവയിലെ തെരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികൾ രൂപവത്കരിക്കുന്നതിനുമുള്ള അധികാരം വി.സിയിൽനിന്ന് മാറ്റി രജിസ്ട്രാർക്ക് നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

കേരള സർവകലാശാലയിൽ സമീപ കാലത്ത് യൂനിയൻ തെരഞ്ഞെടുപ്പിലെ വോെട്ടണ്ണൽ അക്രമത്തിൽ കലാശിക്കുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് വിജ്ഞാപനം നടത്താൻ വി.സി തയാറായിരുന്നില്ല. ഇതുകാരണം 2023-24 ലെ യൂനിയന് ഭരണം നഷ്ടപ്പെട്ടിരുന്നു.

വൈസ് ചാൻസലർ അടിയന്തരഘട്ടത്തിൽ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോർട്ട് തൊട്ടടുത്ത സെനറ്റ്/സിൻഡിക്കേറ്റ്/അക്കാദമിക കൗൺസിൽ യോഗത്തിൽ സമർപ്പിക്കണം. ഇതിൽ വി.സിയും ബന്ധപ്പെട്ട സമിതിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വിഷയം സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിന് വിടണം. ട്രൈബ്യൂണൽ തീരുമാനം അന്തിമമായിരിക്കും. നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ ചാൻസലറാണ് തീർപ്പ് കൽപിച്ചിരുന്നത്.

Tags:    
News Summary - Universities can now be administered directly by the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.