സെർച്ച് കമ്മിറ്റിയായില്ല; കാർഷിക സർവകലാശാല വി.സിയുടെ കാലാവധി നാളെ അവസാനിക്കും

തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിന്‍റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. പുതിയ വി.സിയെ കണ്ടെത്താൻ ഇതുവരെ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചില്ലെന്ന് മാത്രമല്ല, ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ നിശ്ചയിക്കാത്തതിനാൽ കൗൺസിൽ രൂപവത്കരണം പോലും പൂർത്തിയായിട്ടില്ല. സി.പി.എം അനുകൂല സംഘടനകളും സി.പി.ഐയും മുഖാമുഖം ഏറ്റുമുട്ടുന്ന സർവകലാശാലയിൽ വിരമിക്കുന്ന ദിവസം വി.സി ചിലർക്കായി ഹോട്ടലിൽ വിരുന്ന് ഒരുക്കുന്നുണ്ട്. ഇതിന്‍റെ ക്ഷണപത്രമെന്ന പേരിൽ തന്‍റെ സേവന കാലത്ത് സർവകലാശാല കൈവരിച്ച നേട്ടങ്ങൾ വിവരിക്കാൻ സർവകലാശാല പ്രസിൽ അച്ചടിച്ച കുറിപ്പിൽ പറഞ്ഞ ഓരോ അവകാശവാദവും അക്കമിട്ട് ഖണ്ഡിച്ച് മറുപക്ഷവും രംഗത്തുണ്ട്.

പുതിയ വി.സിയെ തെരഞ്ഞെടുക്കാൻ നേരത്തെ സെർച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടതാണെങ്കിലും ചാൻസലറായ ഗവർണറുൾപ്പെടെ സർവകലാശാലയുടെ ഭരണനേതൃത്വം അക്കാര്യത്തിൽ താൽപര്യം കാണിച്ചിട്ടില്ല. സര്‍വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ രണ്ട് വട്ടം ചേർന്ന ജനറല്‍ കൗണ്‍സില്‍ യോഗം വി.സി പിരിച്ചുവിട്ടു.

മൂന്നാമത് കഴിഞ്ഞ 26ന് വിളിച്ച ജനറൽ കൗൺസിൽ നീട്ടിവെച്ചു. ചാൻസലർ നോമിനേഷന്‍ നടത്താത്തതിനാലാണ് കൗണ്‍സില്‍ രൂപവത്കരണം പൂര്‍ത്തിയാകാത്തത്. ഭരണസമിതിയും നിലവില്‍ വന്നിട്ടില്ല.

വി.സി ചുമതലയേറ്റ കാലം മുതൽ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഉയർന്ന പ്രതിഷേധം പിന്നീട് ശക്തിപ്പെടുകയും സി.പി.എം ആഭിമുഖ്യമുള്ള സംഘടനകൾ സർവകലാശാല ജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിച്ച് കേരളമാകെ പ്രചാരണ യാത്ര നടത്തുകയും ചെയ്തു. സർവകലാശാല ആസ്ഥാനത്ത് പ്രത്യക്ഷ സമരങ്ങൾ പലതും അരങ്ങേറി. സി.പി.എം ആഭിമുഖ്യമുള്ള സംഘടനകളുടെ പല ഭാരവാഹികൾക്കും അനുഭാവികൾക്കും സ്ഥലംമാറ്റം ഉൾപ്പെടെ നൽകിയാണ് വി.സിയുടെ ഓഫിസ് തിരിച്ചടിച്ചത്. 

Tags:    
News Summary - The tenure of Agriculture University VC will end tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT