കന്നിപ്രസവത്തിൽ ചളവറ കുന്നത്ത് മുസ്തഫ-മുബീന ദമ്പതികൾക്കുണ്ടായ നാലു കുട്ടികൾ

കന്നിപ്രസവത്തിലെ നാലു കൺമണികൾ ക്ലാസ് മുറിയിലേക്ക്; നാലുപേരിൽ രണ്ടാൾക്ക് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പഠനം സൗജന്യം

പാലക്കാട്: കന്നിപ്രസവത്തിലെ നാലു കൺമണികൾ ആദ്യക്ഷരം നുകരാൻ ഒരുങ്ങി. കഥാപുസ്തകങ്ങളും പെൻസിലും വാട്ടർ ബോട്ടിലുമൊക്കെയായി സ്കൂൾ തുറക്കാനുള്ള കാത്തിരിപ്പിലാണ് നാലുപേരും. ചളവറ കുന്നത്ത് മുസ്തഫ-മുബീന ദമ്പതികളുടെ മക്കളായ നാലു വയസ്സുകാരായ അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നിവരാണ് എൽ.കെ.ജിയിലേക്ക് ചുവടുവെക്കുന്നത്.

അപൂർവങ്ങളിൽ അപൂർവമായാണ് ഒറ്റ പ്രസവത്തിൽ നാലു കുട്ടികളുണ്ടാകുന്നത്. 2021ലായിരുന്നു നാലുപേരുടെയും ജനനം. മുബീന ഗർഭിണിയായി ആദ്യ മാസങ്ങളിലെ പരിശോധനയിൽ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിരുന്നു. 2021 ജനുവരി 16നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

മുസ്തഫ വിദേശത്താണ്. മുബീന വീട്ടമ്മയും. മക്കൾ നാലുപേരും ചളവറയിലെ ക്രസന്‍റ് പബ്ലിക് സ്കൂളിലാണ് പ്രവേശനം നേടിയിരിക്കുന്നത്. നാലുപേരിൽ രണ്ടാൾക്ക് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പഠനം സൗജന്യമാക്കിയിട്ടുണ്ട് അധികൃതർ. ജൂൺ ഒമ്പതിനാണ് ഇവർക്ക് ക്ലാസ് തുടങ്ങുക. കളിചിരികളുമായി ഒന്നിച്ച് ക്ലാസിൽ പോകാനുള്ള തയാറെടുപ്പിലാണ് നാലുപേരും. 

Tags:    
News Summary - The four beauties of the maiden birth enter the classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.