ഹയർ സെക്കൻഡറി അറബി അധ്യാപക നിയമനത്തിന് പത്ത് കുട്ടികൾ മതിയെന്ന് ഉത്തരവ്; 25 കുട്ടികൾ വേണമെന്ന നിർദേശം തിരുത്തി

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ അറബി അധ്യാപക തസ്തികക്ക് പത്ത് കുട്ടികൾ മതിയെന്ന വ്യവസ്ഥ 25 ആക്കി ഉയർത്തിയ നടപടി തിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറിയിൽ അറബി, ഉർദു, തമിഴ്, കന്നട ഉൾപ്പെടെ ഉപഭാഷകൾ അനുവദിക്കാൻ കുറഞ്ഞത് പത്ത് കുട്ടികൾ മതിയെന്ന് 1998 ഏപ്രിൽ 21ലെ ഉത്തരവ് നിലവിലുണ്ട്. എന്നാൽ, 2014, 2015, 2016 അധ്യയന വർഷങ്ങളിൽ ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 16ന് നിർദേശങ്ങൾ പുറപ്പെടുവിച്ച് നൽകിയ കത്തിൽ അറബി തസ്തിക അനുവദിക്കാൻ 25 കുട്ടികൾ വേണമെന്ന് നിബന്ധന കൊണ്ടുവന്നിരുന്നു.

സർക്കാർ ഉത്തരവ് നിലനിൽക്കെ, കത്തിലൂടെ വ്യവസ്ഥ മാറ്റിയത് അധ്യാപകർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 1998 ലെ ഉത്തരവ് പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈകോടതി വിധി പുറപ്പെടുവിച്ചു. സർക്കാർ ഉത്തരവ് നിലനിൽക്കെ, കത്ത് വഴി നൽകിയ നിർദേശം നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമായതോടെയാണ് തിരുത്തൽ ഉത്തരവ്.

2023-24 മുതൽ നടത്തുന്ന തസ്തിക നിർണയത്തിൽ പത്ത് കുട്ടികളുണ്ടെങ്കിൽ അറബി അധ്യാപകനെ നിലനിർത്തുന്നതിനും ഇതിനോടകം അധ്യാപകർക്ക് ആർക്കെങ്കിലും അംഗീകാരം ലഭിക്കാത്ത പക്ഷം കുട്ടികളുടെ എണ്ണം പത്ത് എന്ന് കണക്കാക്കി തസ്തിക സൃഷ്ടിച്ച് അംഗീകാരം നൽകുന്നതിനും ഉത്തരവിൽ നിർദേശിക്കുന്നു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. 2019ലെ കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും 25 കുട്ടികൾ വേണമെന്ന നിർദേശം 2024 ഒക്ടോബർ 31ന് പുറപ്പെടുവിച്ച സർക്കുലറിലൂടെ വിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ചിരുന്നു. ഇതോടെയാണ് അധ്യാപകർ ആദ്യം സർക്കാറിന് മുന്നിലും പിന്നീട്, കോടതിയിലുമെത്തിയത്.

പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്ന ഉത്തരവിലെ അവസാന നിർദേശം ഒഴിവാക്കണമെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഇത് തടസ്സമാകുമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ )സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Ten students are enough for the appointment of higher secondary Arabic teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.