പേന-പേപ്പർ യുഗം അവസാനി​ക്കുന്നു, നീറ്റ് യു.ജി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായേക്കും; മാറ്റം ഉടനുണ്ടാകുമോ​?

ന്യൂഡൽഹി: എയിംസും ജിപ്മെറും അടക്കം രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം നേടാനുള്ള നീറ്റ് യു.ജി പരീക്ഷ ഓഫ്​ലൈൻ മാതൃകയിൽ നിന്ന് ഓൺലൈൻ മോഡിലേക്ക് മാറ്റാൻ ആലോചനയുമായി സർക്കാർ. നീറ്റ് പരീക്ഷയെ കുറിച്ച് വിശകലനം നടത്താനായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ച പാനലിന്റെ ശിപാർശകൾ കണക്കിലെടുത്താണിത്. നീറ്റ്-യു.ജിയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ജൂണിലാണ് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ പാനൽ രൂപീകരിച്ചത്.

ഡിസംബറിലെ റിപ്പോർട്ടിൽ, നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ) പ്രവർത്തനം പരിഷ്കരിക്കുന്നതിനും പ്രവേശന പരീക്ഷകൾ എങ്ങനെ നടത്തണമെന്നും പാനൽ ശിപാർശകൾ നൽകി. പേപ്പർ- പെൻസിൽ പരീക്ഷ രീതിയിൽ നിന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് ക്രമേണ മാറണമെന്നും പരീക്ഷാ നടത്തിപ്പിലെ വെല്ലുവിളികൾ പരിഷ്‍കരിക്കണമെന്നുമായിരുന്നു ശിപാർശകൾ. ഈ ശിപാർശകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശകലനം ചെയ്ത ശേഷം ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ''പ്രധാനമായും രണ്ടു കാര്യങ്ങളാണ് വിശകലനം ചെയ്യുന്നത്. ഒന്ന് അത്തരമൊരു പരിവർത്തനത്തിനുള്ള സാധ്യത വിശകലനം ചെയ്യാനായി രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ കുറിച്ച് മനസിലാക്കുക. രണ്ടാമത്തേത് ജെ.ഇ.ഇ പോലുള്ള മറ്റ് പ്രവേശന പരീക്ഷകളിൽ കംപ്യൂട്ടർ അധിഷ്ഠിത ​​ഫോർമാറ്റിലേക്ക് മാറുന്നതിന്റെ പ്രത്യാഘാതത്തെ കുറിച്ച് പഠിക്കുക''-വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതോടൊപ്പം ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും വിദ്യാർഥികളെ ഇത് ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയാണ് നീറ്റ്.

രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കാനൊരുങ്ങുമ്പോൾ ഇതെല്ലാം കണക്കിലെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരീക്ഷാ കേന്ദ്രങ്ങളിൽ തട്ടിപ്പ് തടയുന്നതിനായി 2026 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നടത്തണമെന്നും പാനൽ ശിപാർശ ചെയ്തു. ഇത് നടപ്പാക്കാനും പരിഗണനയിലുണ്ട്. നീറ്റ് യു.ജി ചോദ്യപേപ്പർ 12ാം ക്ലാസിലെ സിലബസുമായി പൊരുത്തപ്പെടുന്നതാണോയെന്നും വിശകലനം ​ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ചോദ്യപേപ്പർ ചോർച്ച, ആൾമാറാട്ടം തുടങ്ങി നിരവധി ആരോപണങ്ങളാണ് നീറ്റ് യു.ജി പരീക്ഷക്കെതിരെ ഉയർന്നത്. ഇത് കൗൺസലിങ് പ്രക്രിയകൾ രണ്ടുമാസത്തോളം വൈകിപ്പിച്ചു. തുടർന്ന് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യതയെകുറിച്ചും ചോദ്യങ്ങളുയർന്നു.

Tags:    
News Summary - Education ministry reviewing impact of switching NEET-UG to computer-based format

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.